രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം: സീതാറാം യെച്ചൂരി മാപ്പ് പറയണമെന്ന് ബെന്നി ബഹനാൻ എംപി

Jaihind Webdesk
Friday, June 24, 2022

കൊച്ചി: പിണറായി വിജയനെ സ്വർണ്ണക്കടത്ത് കേസിൽ നിന്ന് രക്ഷിക്കാൻ സിപിഎമ്മിന് ബിജെപി നേതാക്കളെ സന്തോഷിപ്പിക്കണമെങ്കിൽ അത് കോൺഗ്രസിന്‍റെ ചെലവിൽ വേണ്ടെന്ന് ബെന്നി ബഹനാൻ എംപി. എസ്എഫ്ഐ ഗുണ്ടകളെ അയച്ച് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചാൽ പേടിച്ച് മാളത്തിലൊളിക്കുന്നവരല്ല കോൺഗ്രസുകാർ. പ്രവർത്തകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. സൈലന്‍റ് വാലി സംരക്ഷണത്തിനടക്കം പരിസ്ഥിതി സംരക്ഷണത്തിന് മുന്നിൽ നിന്ന് പോരാടിയ ഇന്ദിരാഗാന്ധിയുടെ പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്.

ബഫർ സോൺ വിഷയത്തിന്‍റെ മറവിൽ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് കാട്ടാളത്തമാണ്. ഓഫീസ് തല്ലിത്തകർത്ത എസ്എഫ്ഐ ക്രിമിനലുകൾക്കെതിരെ നടപടിയെടുക്കാൻ സിപിഎം നേതൃത്വം തയാറാകാത്തത് ഇതിനു തെളിവാണ്. എസ്എഫ്ഐ അക്രമം അംഗീകരിക്കുന്നുണ്ടോയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കണം. ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്ന പിണറായി വിജയനെയും കേരള സിപിഎമ്മിനെയും നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം തയാറാകണം. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി മാപ്പ് പറയണമെന്നും ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് എസ്എഫ്ഐ മാർച്ച് നടത്തേണ്ടത്. നാണംകെട്ട് തൊലിയുരിഞ്ഞ് നിൽക്കുന്ന മുഖ്യമന്ത്രിയെയും സർക്കാരിനെയും രക്ഷപ്പെടുത്താൻ കോൺഗ്രസിന്‍റെയും രാഹുൽ ഗാന്ധിയുടെയും ഓഫീസുകൾ ആക്രമിക്കുകയാണ്. പോലീസ് ഒത്താശയോടെ സംസ്‌ഥാനത്ത് ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. ഓഫീസ് അക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസിന് മടിയുണ്ടെങ്കിൽ എന്തുചെയ്യണമെന്ന് കോൺഗ്രസിനറിയാം. ഇനി ഇത്തരം അക്രമങ്ങൾ ആവർത്തിച്ചാൽ കോൺഗ്രസിന്‍റെ ശക്തി സിപിഎമ്മും പോലീസും തിരിച്ചറിയുമെന്നും ബെന്നി ബഹനാൻ എം.പി മുന്നറിയിപ്പ് നൽകി.