എസ്എഫ്ഐ ആക്രമണം: മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Friday, June 24, 2022

 

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ ക്രിമിനലുകൾ അടിച്ച് തകർത്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കൃത്യമായ ആസൂത്രണത്തോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നേരെ ആക്രമണം നടന്നത്. പോലീസ് സംഭവ സ്ഥലത്തു ഉണ്ടായിരുന്നിട്ടും കുറ്റകരമായ നിസംഗതയാണ് കൈക്കൊണ്ടത്. പോലീസ് നോക്കി നിൽക്കെയാണു സംഭവം നടന്നതെന്നത് വളരെ ഗൗരവമേറിയ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

ബഫർസോൺ വിഷയത്തിൽ എസ്എഫ്ഐ സമരം നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. പിണറായി സർക്കാരാണ് വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരം ബഫർ സോണാക്കണമെന്ന് 2019 ശുപാർശ ചെയ്തത്.

എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ സിപിഎം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. പ്രതികളെ അറസ്റ്റ് ചെയ്യാനും കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും തയാറാകണം. വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.