കൺസഷന്‍ പരാമർശം :ഗതാഗത മന്ത്രിക്കെതിരെ എസ്എഫ് ഐ

Jaihind Webdesk
Sunday, March 13, 2022

വിദ്യാർത്ഥികള്‍ കൺസഷന്‍ ഉപയോഗിക്കുന്നത് നാണക്കേടോടെയാണെന്ന ഗതാഗത  മന്ത്രി ആന്‍റണി രാജുവിന്‍റെ പരാമർശത്തിനെതിരെ എസ്എഫ്ഐ യും രംഗത്ത്. മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും പ്രതിഷേധാർഹമാണെന്നും എസ്എഫ്ഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ ഗവൺമെന്‍റിന്‍റെ വിദ്യാർഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കുമെന്നും ഇത്തരം പ്രസ്താവനകളും അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നവെന്നും അതിനാൽ അഭിപ്രായം തിരുത്താൻ മന്ത്രി തയ്യാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മന്ത്രിയുടെ  പ്രസ്താവനയില്‍ പ്രതിഷേധമറിയിച്ച് നേരത്തെ  കെഎസ് യു സംസ്ഥന പ്രസിഡന്‍റ് കെഎം അഭിജിത്ത് രംഗത്തെത്തിയിരുന്നു. മാളികയിൽ താമസിക്കുന്ന ആന്‍റണി രാജു പാവപ്പെട്ടവനെ മറന്ന്, അധികാരം കയ്യിലുണ്ടെന്ന അഹങ്കാരത്തിൽ വിദ്യാർത്ഥിസമൂഹത്തെയും ,പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് തയ്യാറാകുന്നതെങ്കിൽ അത്തരം നടപടികളെ പ്രതിരോധിക്കാനും, തിരുത്തിക്കാനും കെഎസ്‌യു മുന്നിലുണ്ടാകുമെന്നാണ്  അഭിജിത്ത് പ്രതികരിച്ചത്.