സിപിഎമ്മില്‍ വീണ്ടും പീഡന വിവാദം; പരാതിയുമായി കൊല്ലം സ്വദേശിനിയായ പാർട്ടി പ്രവര്‍ത്തക

Jaihind Webdesk
Thursday, January 13, 2022

കൊല്ലം : സംസ്ഥാന ലൈബ്രറി കൗൺസിലിലെ സിപിഎം നേതാവായ ഉന്നത ഉദ്യോഗസ്ഥനെതിരെ പീഡന പരാതിയുമായി പാർട്ടി പ്രവർത്തകയായ കൊല്ലം സ്വദേശിനിയായ യുവതി രംഗത്ത്. ആദ്യം ലൈബ്രറി കൗൺസിൽ സെക്രട്ടറിയ്ക്കും പിന്നിട്ട് സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിനും പരാതി നൽകിയെങ്കിലും ഫലമുണ്ടാകാതിരുന്നതോടെ രണ്ടു ദിവസം മുമ്പ് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി.

സിപിഎം നേതാവുംഉന്നത സിപിഎം നേതാവിന്‍റെ അടുപ്പക്കാരനുമായ സംസ്ഥാന ലൈബ്രറി കൗൺസിലിലെ ഉയർന്ന ഉദ്യേഗസ്ഥനെതിരെയാണ് പീഡന പരാതിയുമായി കൊല്ലം സ്വദേശിനിയായ യുവതി രംഗത്ത് എത്തിയിരിക്കുന്നത്. പാർട്ടി പ്രവർത്തകയും ലൈബ്രറി കൗൺസിൽ ജീവനക്കാരിയുമാണ് യുവതി. ആദ്യം ലൈബ്രറി കൗൺസിൽ സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടാകാതെ വന്നതോടെ യുവതി സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിന് പീഢന പരാതി നൽകി. തന്‍റെ പരാതിയിൽ സിപിഎം കൊല്ലം ജില്ലാ നേതൃത്വവും മുഖം തിരിച്ചതോടെ രണ്ടുദിവസം മുമ്പ് യുവതി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ സ്ത്രീ പീഡന പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം ഇനിയും ത്വരിതപ്പെടുത്തിയിട്ടില്ല.

തൃശൂർ ജില്ലക്കാരനായ ഉന്നത സിപിഎം നേതാവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ആരോപണ വിധേയനായ ഉയർന്ന ഉദ്യോഗസ്ഥൻ. വിവിധ തലങ്ങളിൽ യുവതി പീഡന പരാതി ഉയർത്തിയിട്ടും സിപിഎം നേതാവായ ഉദ്യോഗസ്ഥന് പാർട്ടി സംരക്ഷണം ഒരുക്കുന്നതായ ആരോപണമുയരുകയാണ്.