പി.കെ ശശിക്കെതിരായ ലൈംഗിക പീഡനാരോപണം അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിേപ്പാർട്ടിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചൂടേറിയ ചർച്ച. ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. DYFI വനിതാ നേതാവ് നൽകിയ പരാതി അന്വേഷിക്കാൻ എ.കെ ബാലൻ, പി.കെ ശ്രീമതി എന്നിവരെയാണ് പാർട്ടി നിയോഗിച്ചിരുന്നത്. ഇവർ സമർപ്പിച്ച റിപ്പോർട്ടിൽ നടക്കുന്ന ചർച്ചയ്ക്ക് ഒടുവിലാകും വിഷയത്തില്‍ സി.പി.എമ്മിന്‍റെ തീരുമാനം പുറത്തു വരുന്നത്. പരാതിക്ക് പിന്നിൽ വിഭാഗീയതയാണെന്ന എ.കെ ബാലന്‍റെ വാദം തള്ളി പി.കെ ശ്രീമതി രംഗത്ത് വന്നതോടെ അന്വേഷണ കമ്മീഷനിലെ ഭിന്നതയും പുറത്തായിട്ടുണ്ട്.
അന്വേഷണ കമ്മീഷന്‍റെ പല കണ്ടെത്തലും പുതിയ വിവാദങ്ങൾക്കാണ് വഴിമരുന്നിട്ടിട്ടുള്ളത്. ശശിയുടേത് തീവ്ര പീഡനമല്ലെന്നും ഫോണിലൂടെ മാത്രമാണ് മോശം പെരുമാറ്റം ഉണ്ടായതെന്നുമാണ് കണ്ടെത്തലുകളിൽ ചിലത്. ശശി അപമര്യാദയായി പെരുമാറിയെന്നും ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നുമാണ് കണ്ടെത്തൽ. ഇത്തരം പരാമർശങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കുന്നത്. ശശിക്കെതിരായ പരാതിയിലെ അന്വേഷണം മന്ദീഭവിപ്പിക്കാൻ നീക്കം നടന്നതോടെ പരാതിക്കാരി അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വീണ്ടും കത്തയച്ചിരുന്നു. ഇതിനു പിന്നാലെ പരാതിയിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദനും രംഗത്ത് വന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ ശബരിമല വിഷയത്തിൽ പ്രതിരോധത്തിലായിരിക്കുന്ന സി.പി.എം ഇതിനെ മറികടക്കാൻ സംഘടിപ്പിച്ച ജനമുന്നേറ്റ യാത്രയുടെ പാലക്കാട്ടെ ക്യാപ്റ്റനായി പി.കെ ശശിയെ തീരുമാനിച്ചതും വിവാദമായിരുന്നു. സ്ത്രീക്കും പുരുഷനും തുല്യാവകാശം വേണമെന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച ജാഥയുടെ ക്യാപ്റ്റൻസ്ഥാനം ശശിക്ക് നൽകിയതിനെ ചൊല്ലി പാലക്കാട് പാർട്ടി ജില്ലാ ഘടകത്തിൽ വൻ വിമർശനമുയർന്നിരുന്നു. എല്ലായിടത്തും ജാഥ തുടങ്ങിയ ശേഷം നടന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ ശശിക്കെതിരെ ഇക്കാര്യത്തിൽ വിമർശനം ഉയർന്നിരുന്നെങ്കിലും ധൃതി പിടിച്ച് നടപടി വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ശശി ആരോപണവിധേയൻ മാത്രമാണെന്നും അതിനാൽ തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് ശശിക്ക് തുടരാമെന്നുമായിരുന്നു സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ.
ശശി നയിച്ച ജാഥയിൽ അതൃപ്തി പ്രകടിപ്പിച്ച് സി.പി.എം പാലക്കാട് ഘടകത്തിലെ നിലവിൽ നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്വേഷണക്കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് പല വിവരങ്ങളും ഇപ്പോൾ പുറത്തു വരുന്നത്. തനിക്കെതിരായ പരാമർശങ്ങൾ അടങ്ങിയ റിപ്പോർട്ട് ചർച്ചയ്‌ക്കെടുക്കുന്നതിനിടെ ശശിയും സംസ്ഥാന സെക്രട്ടേറിയറ്റിന് വിശദീകരണക്കുറിപ്പ് നൽകിയിട്ടുണ്ട്. റിപ്പോർട്ടിനൊപ്പം കുറിപ്പും വിശദമായി ചർച്ച ചെയ്ത ശേഷമാവും സി.പി.എം ശശിക്കെതിരായി അച്ചടക്ക നടപടി വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. പീഡനപരാതിയിൽ ഉത്തരം പറയേണ്ട ബാധ്യത ഡി.വൈ.എഫ്.ഐക്കില്ലെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എ.എ റഹീമും വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിൽ നിന്നും ശശിക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ നിയമവഴിയിൽ നീങ്ങുമെന്ന് പരാതിക്കാരിയായ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സി.പി.എം സംസ്ഥാന ഘടകത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.