സംസ്ഥാനത്ത് പട്ടിണി മരണം? ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കന്‍ ഭക്ഷണം കിട്ടാതെ മരിച്ചു… സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ അനാസ്ഥ

ആലപ്പുഴയിൽ പട്ടിണി മരണമെന്ന് ആരോപണം. പത്തിയൂർ പഞ്ചായത്തിലെ താമസക്കാരനായ രഘുനാഥനെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഒറ്റക്ക് താമസിച്ചിരുന്ന രഘുനാഥൻ ദിവസങ്ങളോളം പട്ടിണിയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കൻ മരിച്ചത് പട്ടിണി മൂലമാണെന്നാണ് പ്രദേശവാസികൾ പറയുന്നത് .തനിച്ച് താമസിച്ചിരുന്ന രഘുനാഥന് ആരോഗ്യ വകുപ്പിന്‍റെ സംരക്ഷണം ലഭിച്ചിരുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്

വീടിന്‍റെ വരാന്തയിലാണ് രഘുനാഥിനെ ഇന്നലെ രാത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ലോക് ഡൗൺ സാഹചര്യത്തിൽ ഭക്ഷണം ലഭിക്കാതെയാണ് മരണ സംഭവിച്ച പരാതി ഉയർന്നിട്ടുണ്ട്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ പഞ്ചായത്തും ആരോഗ്യവകുപ്പും അധികാരികളും പുലർത്തുന്ന കുറ്റകരമായ നിസ്സംഗതയുടെ ഉദാഹരണമാണ് സംഭവത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.

മരണ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ യഥാർത്ഥ മരണം കാരണം വ്യക്തമാകൂ. ആഹാരമില്ലാതെ ചികിത്സകിട്ടാതെയാണ് രഘുനാഥൻ മരിച്ചതെങ്കിൽ അത് സർക്കാർ തലത്തിൽ സംഭവിച്ച ഗുരുതരമായ തെറ്റിന്‍റെ മറ്റൊരു ഉദാഹരണമാണ്. ഭക്ഷണം ലഭിക്കാതെ ആരും പ്രയാസപ്പെടില്ലെന്ന് മുഖ്യമന്ത്രി നാഴികക്ക് നാൽപ്പത് വട്ടം പറയുമ്പോഴാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

മരിച്ചു മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രാദേശിക ഭരണകൂടം അറിയാത്തതും ഗുരുതരമായ വീഴ്ചയാണെന്നതിലും തർക്കമില്ല.എന്നാൽ ഇതേക്കുറിച്ച് ഒരക്ഷരം പ്രതികരിക്കാൻ ഇതുവരെ ആരും തയ്യാറായിട്ടില്ല. മരണ വിവരം പുറത്ത് വന്നത് മുതൽ വ്യാപക പ്രതിഷേധമാണ് കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ ഉയർത്തുന്നത്

Comments (0)
Add Comment