UK Train Stabbing| ബ്രിട്ടനില്‍ ട്രെയിനില്‍ കത്തിക്കുത്ത്: നിരവധി പേര്‍ക്ക് കുത്തേറ്റു; 9 പേരുടെ നില ഗുരുതരം

Jaihind News Bureau
Sunday, November 2, 2025

ബ്രിട്ടനില്‍ ട്രെയിന്‍ യാത്രയ്ക്കിടെ അജ്ഞാതരുടെ കുത്തേറ്റ് നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യുകെയിലെ കേംബ്രിഡ്ജ് സര്‍വകലാശാല സിറ്റിയില്‍ നിന്ന് ഹണ്ടിംഗ്ടണിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് യാത്രക്കാര്‍ക്ക് നേരെ അതിക്രൂരമായ ആക്രമണം നടന്നത്.

ആക്രമണത്തില്‍ പത്ത് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒന്‍പത് പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന് ഇരയായ യാത്രക്കാര്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനു പിന്നാലെ ട്രെയിനില്‍ ഒന്നിലധികം പേര്‍ക്ക് കുത്തേറ്റതായി ഫോണ്‍കോള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി രണ്ട് പേരെ പിടികൂടിയത്.
ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

ആക്രമണത്തെ തുടര്‍ന്ന്, ഹണ്ടിംഗ്ടണ്‍ നഗരത്തിലേക്കും ലണ്ടനിലേക്കും പോകുന്ന ലണ്ടന്‍ നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയിലേക്ക് പോകുന്ന ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഈസ്റ്റ് കോസ്റ്റ് മെയിന്‍ലൈന്‍ സര്‍വീസുകള്‍ നടത്തുന്ന ഘചഋഞ, തങ്ങളുടെ ട്രെയിനുകളിലൊന്നിലാണ് സംഭവം നടന്നതെന്ന് സ്ഥിരീകരിച്ചു. നിലവില്‍ ഈ റൂട്ടില്‍ യാത്ര ചെയ്യരുതെന്ന് കേംബ്രിഡ്ജ്‌ഷെയറിന്റെയും പീറ്റര്‍ബറോയുടെയും മേയറായ പോള്‍ ബ്രിസ്റ്റോ അഭ്യര്‍ഥിച്ചു.

യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് ഹണ്ടിംഗ്ടണില്‍ നടന്ന സംഭവത്തില്‍ അഗാധമായി ദുഃഖം രേഖപ്പെടുത്തി. സംശയിക്കുന്ന രണ്ട് പേരെ ഉടന്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്ന് വരികയാണ്. ഇതൊരു ഭയാനകമായ സംഭവമാണെന്ന് മേയര്‍ പോള്‍ ബ്രിസ്റ്റോ പറഞ്ഞു. പൊലീസ് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഭയം വേണ്ടെന്നും അടിയന്തിര സേവനങ്ങള്‍ എപ്പോഴും ലഭ്യമാണെന്നും അറിയിച്ചു.