നിർഭയ കേസ് പ്രതികള്‍ക്കെതിരെ മരണ വാറന്‍റ് ; നാല് പ്രതികളെയും 22 ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റും

Jaihind News Bureau
Tuesday, January 7, 2020

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കും മരണ വാറന്‍റ്. പട്യാല ഹൗസ് കോടതിയാണ് മരണ വാറന്‍റ് പുറപ്പെടുവിച്ചത്. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. ജനുവരി 22ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പിലാക്കും. സംഭവം നടന്ന് 7  വർഷങ്ങള്‍ക്കിപ്പുറമാണ് മരണ വാറന്‍റ്.

അക്ഷയ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, മുകേഷ് എന്നീ നാല് പ്രതികളെയാണ് തൂക്കിലേറ്റുക. . വിധിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. പ്രതികളെ തൂക്കിലേറ്റാനുള്ള തീരുമാനം നിയമവ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്ന് നിർഭയയുടെ അമ്മ പ്രതികരിച്ചു. രാജ്യത്തെ സ്ത്രീകള്‍ക്ക് ശക്തി പകരുന്നതാണ് വിധിയെന്നും നിർഭയയുടെ അമ്മ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തയാറാവുന്ന ജനങ്ങളെ ഭയപ്പെടുത്തുന്നതാണ് വിധിയെന്ന് നിര്‍ഭയയുടെ പിതാവും പ്രതികരിച്ചു.

2012 ഡിസംബര്‍ 16നാണ് നിർഭയയെ അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് നിർഭയയെ ആറംഗ സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ സംഘം ആക്രമിച്ചു. തുടർന്ന് വിദ്യാര്‍ത്ഥിനിയെയും സുഹൃത്തിനെയും വഴിയിലുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. 13 ദിവസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.