ബ്രെക്‌സിറ്റ് : തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി; രാജിയ്ക്കും സമ്മര്‍ദ്ദമേറുന്നു

ബ്രെക്‌സിറ്റ് കരാറിൽ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. തന്‍റെ കരാറിന് ഭൂരിപക്ഷം എം.പിമാരുടെ പിന്തുണ നേടാൻ കഴിഞ്ഞില്ലെന്ന് തെരേസ മേ സമ്മതിച്ചു. ഇതോടെ, കരാർ സംബന്ധിച്ച് ഇന്ന് പാർലമെന്റിൽ നടത്താനിരുന്ന മൂന്നാം വോട്ടെടുപ്പ് ഉണ്ടാവില്ലെന്ന് ഉറപ്പായി. ഇതോടൊപ്പം തെരേസ മേയുടെ രാജിയ്ക്കും സമ്മര്‍ദ്ദമേറുകയാണ്.

ബ്രെക്‌സിറ്റ് പ്രതിസന്ധിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ രാജിക്ക് പാര്‍ട്ടിക്കുള്ളില്‍നിന്ന് സമ്മര്‍ദമേറുന്നു. വിഷയം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി ആ സ്ഥാനത്തു തുടരാന്‍ യോഗ്യയല്ലെന്നാണ് വലിയൊരു വിഭാഗം എംപിമാരുടെയും പാര്‍ട്ടി അനുയായികളുടെയും അഭിപ്രായം. മേയ് രാജിവെച്ചാല്‍ ഉപപ്രധാനമന്ത്രി ഡേവിഡ് ലിഡിങ്ടന്റെ നേതൃത്വത്തില്‍ കാവല്‍ മന്ത്രിസഭ രൂപവത്കരിക്കാനാണ് എം.പിമാര്‍ ലക്ഷ്യമിടുന്നത്.ഇതോടെ ബ്രെക്‌സിറ്റ് കരാറിന്റെ ഭാവിയെ ചൊല്ലിയും ആശങ്കയുയര്‍ന്നു. മൂന്നാംതവണ നടക്കുന്ന വോട്ടെടുപ്പില്‍ കരാര്‍ പാസാക്കാമെന്ന പ്രതീക്ഷയിലായിരുന്നു മേയ്. ബ്രെക്‌സിറ്റ് വിഷയത്തില്‍ എതിരാളികളുടെ എണ്ണം അടിക്കടി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പ് നീട്ടിവെക്കാനാണ് സാധ്യതയെന്നും വിലയിരുത്തലുകളുണ്ട്. അതേസമയം, ബ്രെക്‌സിറ്റ് സംബന്ധിച്ച് മറ്റൊരു ഹിതപരിശോധന പരിഗണനയിലുണ്ടെന്നു ബ്രിട്ടീഷ് ചാന്‍സലര്‍ ഫിലിപ് ഹാമണ്ട് പറഞ്ഞു.

പുതിയ ഹിതപരിശോധന ആവശ്യപ്പെട്ട് കഴിഞ്ഞദിവസം 10 ലക്ഷത്തോളം ആളുകള്‍ ലണ്ടനിലെ തെരുവിലിറങ്ങിയിരുന്നു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, സ്‌കോട്ടിഷ് നേതാവ് നികോള സ്റ്റര്‍ജന്‍, ലേബര്‍ പാര്‍ട്ടി നേതാക്കളായ ടോം വാട്‌സന്‍, കണ്‍സര്‍വേറ്റിവ് ഉപപ്രധാനമന്ത്രി ലോര്‍ഡ് ഹെസല്‍റ്റെന്‍ എന്നിവരാണ് റാലിക്ക് നേതൃത്വം നല്‍കിയത്. വീണ്ടുമൊരു ഹിതപരിശോധന ആലോചനയില്‍ പോലുമില്ലെന്നാണ് നേരത്തേ മേയ് അറിയിച്ചിരുന്നത്.

ബ്രെക്‌സിറ്റ് പൂര്‍ത്തിയാക്കാന്‍ ഈ മാസം 29ന് അവസാനിക്കുന്ന കരാര്‍ പരിധിയില്‍ യൂറോപ്യന്‍ യൂനിയന്‍ ബ്രിട്ടന് ഇളവു നല്‍കിയിരുന്നു. ഇതുപ്രകാരം അടുത്താഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ പുതിയ ബ്രെക്‌സിറ്റ് കരാറിന് പാര്‍ലമന്റെിന്റെ അംഗീകാരം ലഭിച്ചാല്‍ മേയ് 22നകവും അല്ലാത്തപക്ഷം ഏപ്രില്‍ 12നകവും യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നാണ് നിര്‍ദേശം.

Comments (0)
Add Comment