കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ത്ഥിനി ഡോ. ഷഹന ജീവനൊടുക്കിയ കേസില്‍പ്രതി ഡോ. ഇ.എ. റുവൈസിന് തിരിച്ചടി. പ്രതിയും സഹപാഠിയുമായ റുവൈസിന്‍റെ പിജി പഠനം ഹൈക്കോടതി തടഞ്ഞു. റുവൈസിന് പഠനം തുടരാമെന്നുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നടപടി. കോളേജിലെ അച്ചടക്കസമിതി വീണ്ടും ചേരാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
മാര്‍ച്ച് 14-നാണ് റുവൈസിന് പഠനം തുടരാന്‍ അനുമതി നല്‍കി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഉത്തരവിട്ടത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പഠനം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് റുവൈസ് നല്‍കിയ ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് റുവൈസിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. പിന്നാലെ സസ്പെൻഷൻ മൂന്നുമാസത്തേക്ക് കൂടി നീട്ടാനും കോളേജ് തീരുമാനിച്ചു. റുവൈസിന്‍റെ പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാലയുടെ ഉത്തരവും കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.
റുവൈസും കുടുംബവും ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് കഴിഞ്ഞവര്‍ഷം ഡിസംബര്‍ 4-ന് ഷഹന ആത്മഹത്യചെയ്തെന്നാണ് കേസ്. ആത്മഹത്യാപ്രേരണക്കുറ്റത്തിനും സ്ത്രീധന നിരോധനനിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.