കുന്നത്തുനാട് ഭൂമി നികത്തലിൽ റവന്യൂമന്ത്രിയുടെ നീക്കത്തിന് തിരിച്ചടി. മന്ത്രിയുടെ ഇടപെടൽ നിയമപരമല്ലെന്ന് അഡ്വക്കേറ്റ് ജനറൽ മുഖ്യമന്ത്രിക്ക് നിയമോപദേശം നൽകി. സ്റ്റോപ്പ് മെമ്മോ റദ്ദാക്കിയ റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് നിലനിൽക്കുമെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. അതേ സമയം നിയമസഭയിലടക്കം ഭൂമി ഇടപാടിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് മന്ത്രിക്ക് തിരിച്ചടിയുണ്ടായത്.
കുന്നത്തുനാട് ഭൂമി നികത്തൽ വിഷയത്തിൽ നിയമസഭയിലടക്കം സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് റവന്യൂമന്ത്രിയുടെ നീക്കത്തിന് തിരിച്ചടിയായി സർക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചത്.
റവന്യൂമന്ത്രിയാണ് കുന്നത്തുനാട് വില്ലേജിലെ നിലം നികത്തലിന് സ്റ്റോപ്പ് മെമ്മോ നൽകിയ കളക്ടറുടെ ഉത്തരവിനെ മറികടന്നുകൊണ്ട് അന്നത്തെ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ നൽകിയ ഉത്തരവ് മരവിപ്പിച്ചത്. എന്നാൽ റവന്യൂ മന്ത്രിയുടെ ഈ നടപടിക്ക് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ഇടപെടലാണ് ഉണ്ടായിരിക്കുന്നത്. റവന്യു മന്ത്രിയുടെ ഈ നടപടി നിയമപരമല്ല എന്നാണ് അഡ്വക്കറ്റ് ജനറൽ മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്ന നിയമോപദേശം.
കുന്നത്ത് നാട്ടിലെ വിവാദ ഭൂമി നികത്തലിന് പിന്നിൽ പ്രവർത്തിക്കുന്നത് ഒരു വിവാദ വ്യവസായിയുടെ ബിനാമി കമ്പനിയാണെന്ന് ആക്ഷേപമുണ്ട്. നിയമസഭയിലടക്കം ഇക്കാര്യത്തിൽ സർക്കാരിനെതിരെ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ വ്യവസായിയും സർക്കാരും തമ്മിലുള്ള ബന്ധം ഇതോടെ ശക്തമായിരിക്കുകയാണ്.