റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീംകോടതി തള്ളി. റഫാല്‍ രേഖകള്‍ക്ക് വിശേഷ അധികാരമില്ലെന്ന് പറഞ്ഞ കോടതി പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച രേഖകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കി. പുതിയ രേഖകള്‍ പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കും. പുനഃപരിശോധന ഹര്‍ജികള്‍ വാദം കേള്‍ക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും.
റഫാൽ കേസിൽ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ചോർന്ന രേഖകൾ പരിഗണിക്കണോ എന്ന കാര്യം പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ജസ്റ്റിസ് കെ.എം. ജോസഫ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കോടതി വിധിയെ ഏറേ ആകാംക്ഷയോടെയാണ് രാഷ്ട്രീയലോകം ഉറ്റ് നോക്കിയിരുന്നത്.
റഫാൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ആ വിധി തുറന്ന കോടതിയിൽ കേൾക്കവെയാണ് പുതിയ രേഖകൾ ഹർജിക്കാർ കോടതിക്ക് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നും പ്രതിരോധ രേഖകള്‍ തെളിവാക്കാനാകില്ല എന്നുമായിരുന്നു കേന്ദ്ര സർക്കാരിന്‍റെ വാദം. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന രേഖകളാണ് ചോർത്തിയതെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു. അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ, മുൻ കേന്ദ്ര മന്ത്രിമാരായ യശ് വന്ത് സിൻഗ, അരുൺ ഷൂരി എന്നിവരാണ് ഹർജിക്കാർ.