ഹരിയാനയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് തിരിച്ചടി

Jaihind News Bureau
Thursday, December 31, 2020

ഹരിയാനയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റ് ബിജെപി. കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ സമരം ശക്തമാക്കിയതിന് ശേഷം നടന്ന തെരെഞ്ഞെടുപ്പിലാണ് ബിജെപിക്ക് തിരിച്ചടിയേറ്റത്.

അധികാരത്തിലേറി ഒരു വർഷം പിന്നിട്ട് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി-ജെജെപി സഖ്യത്തിന് പ്രധാന കോർപ്പറേഷനുകളായ അംബാലയും സോണിപത്തും നഷ്ടപ്പെട്ടു. കർഷക സമരം വോട്ടർമാരെ സ്വാധീനിച്ചിട്ടില്ലെന്ന് തെളിയിക്കാൻ അരയും തലയും മുറുക്കിയാണ് ഹരിയാനയിൽ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഉപമുഖ്യമന്ത്രിയായ ദുഷ്യന്ത് ചൗട്ടാലയുടെ പാർട്ടിയായ ജെജെപിക്കും കനത്ത തിരിച്ചടിയേറ്റു. ബിജെപി ശക്തികേന്ദ്രങ്ങളായ ഹിസാർ, ഉലകന, റെവാരി, ധാരുഹേറ എന്നിവിടങ്ങളിൽ പാർട്ടി പൂർണമായും തകർന്നു. സോണിപത് മേയർ തെരഞ്ഞെടുപ്പിൽ 14,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ജയിച്ചു. കർഷക സമരം നടത്തുന്ന സിംഘുവിന് തൊട്ടടുത്ത സ്ഥലമാണ് സോണിപത്.
കാർഷിക നിയമങ്ങൾക്കെതിരെയുള്ള ജനവികാരമാണ് കോൺഗ്രസിന്‍റെ ജയത്തിന് കാരണമെന്ന് കോൺഗ്രസ് പറഞ്ഞു.