കാലിക്കറ്റ് സർവ്വകലശാല : അനധികൃത നിയമന നീക്കത്തിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി

കാലിക്കറ്റ് സർവ്വകലശാല സിൻഡിക്കേറ്റിൻ്റെ അനധികൃത നിയമന നീക്കത്തിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഇടത് അനുകൂല സിൻ്റിക്കേറ്റ് തീരുമാനം ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു.

താത്കാലികമായി സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന 40 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഇടത് സിന്‍റിക്കേറ്റിന്‍റെ നീക്കത്തിനാണ് കോടതിയിൽ നിന്നും തിരിച്ചടി ഏറ്റത്. പി.എസ്.സി ഉദ്യോഗാർത്ഥികളെ നോക്കുകുത്തികളാക്കി സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന പ്രദേശിക സി.പിഎം പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ സ്ഥിരപ്പെടുത്താനായിരുന്നു സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമെടുത്തത്.

സ്വന്തക്കാരെ തിരുകി കയറ്റാനുള്ള സിൻ്റിക്കേറ്റ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ യൂണിവേഴ്സിറ്റിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവുണ്ടായിരിക്കുന്നത്. ഇതിനകം സ്ഥിരപ്പെടുത്തൽ ഉത്തരവ് നൽകിയിട്ടുള്ളവരെ പൂർവ താൽക്കാലിക തസ്തികകളിലേക്ക് മാറ്റി നിയമിക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ജസ്റ്റിസ്സുമാരായ എ.എം.ഷഫീഖ്, പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സിംഗിൾബെഞ്ച് സ്ഥിരപ്പെടുത്തൽ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഹർജിക്കാരായ ഉദ്യോഗാർഥികൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.സ്വന്തക്കാരെ ഭരണ സ്വാധീനമുപയോഗിച്ച് സർവ്വകലാശാലയിൽ തിരുകി കയറ്റാനുള്ള സർക്കാറിൻ്റെയും സിൻ്റിക്കേറ്റിൻ്റെയും തീരുമാനത്തിനാണ് ഇതോടെ തിരിച്ചടി ഏറ്റിരിക്കുന്നത്.

Comments (0)
Add Comment