ബ്രൂവറി അഴിമതി കേസില്‍ സംസ്ഥാന സർക്കാരിന് തിരിച്ചടി; രേഖകള്‍ രമേശ് ചെന്നിത്തലയ്ക്ക് നല്‍കണമെന്ന് കോടതി

Jaihind Webdesk
Thursday, June 30, 2022

തിരുവനന്തപുരം: ബ്രൂവറി അഴിമതി കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് സർക്കാരിന് തിരിച്ചടി ഉണ്ടായത്. കേസിന്‍റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്ന സർക്കാരിന്‍റെ ഹര്‍ജി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹർജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു.

അടുത്ത മാസം 17 ന് കേസിൽ വിസ്താരം തുടരും. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിന് പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ താല്‍പര്യ പ്രകാരം മുൻ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ അനധികൃതമായി തീരുമാനമെടുത്തത് അഴിമതിയാണെന്ന് രമേശ്‌ ചെന്നിത്തല ആരോപിച്ചു.

നടപടിയുമായി മുന്നോട്ട് പോകാൻ നിയമ തടസമുണ്ടെന്നും, രമേശ് ചെന്നിത്തല ആരോപിക്കുന്ന കാര്യങ്ങൾ അഴിമതി എന്ന് കാണാൻ കഴിയില്ല എന്നും വിജിലൻസ് പ്രോസിക്യൂട്ടർ വാദിച്ചു. അഴിമതി ആരോപണങ്ങൾ തെളിയിക്കുന്നതിന് വിജിലൻസ് പ്രോസിക്യൂട്ടർ തന്നെ തടസവാദം ഉന്നയിക്കുന്നത് നിയമവാഴ്ച യോട് ഉള്ള വെല്ലുവിളി ആണെന്നായിരുന്നു പരാതിക്കാരന്‍റെ വാദം. ഇരു ഭാഗത്തിന്‍റേയും വാദങ്ങള്‍ കേട്ട ശേഷം വിജിലന്‍സ് കോടതി കേസുമായി മുന്നോട്ട് പോകാന്‍ ഉത്തരവിടുകയായിരുന്നു.