KSRTC താല്‍ക്കാലിക ജീവനക്കാര്‍ക്ക് തിരിച്ചടി; ഒഴിവുകള്‍ നികത്തേണ്ടത് PSC എന്ന് ഹൈക്കോടതി

Jaihind Webdesk
Monday, February 4, 2019

കൊച്ചി:  കെ.എസ്.ആര്‍.ടി.സിയിൽ നിന്ന് പിരിച്ചുവിട്ടതിനെതിരെ താൽക്കാലിക ജീവനക്കാർക്ക് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പി.എസ്.സി അഡ്വൈസ് മെമ്മോ കിട്ടിയവരുടെ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. കെ.എസ്.ആര്‍.ടി.സിയിലെ ഒഴിവുകൾ നികത്തേണ്ടത് പി.എസ്‍.സി വഴിയാണെന്ന് കോടതി വ്യക്തമാക്കി.

പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് കേസിലെ വിധി കെ.എസ്.ആർ.ടി.സിക്ക് ബാധകമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതേസമയം താൽക്കാലിക ജീവനക്കാർക്ക് കെ.എസ്.ആര്‍.ടി.സി പ്രതീക്ഷ നൽകിയെന്നും ഹൈക്കോടതി വിമർശിച്ചു.  എം പാനൽ ജീവനക്കാർക്ക് വ്യാജ പ്രതീക്ഷ നൽകിയ കെഎസ്ആര്‍ടിസി നിയമനത്തിൽ കടിച്ച് തൂങ്ങി കിടക്കാൻ ഇത് ഇവരെ പ്രേരിപ്പിച്ചുവെന്നും വിലയിരുത്തി.

10 വര്‍ഷത്തില്‍ കുറഞ്ഞ സര്‍വീസുള്ള എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട ഒഴിവിലേക്ക് പി.എസ്‌.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 1421 പേരെ ജോലിക്കെടുക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം കേസില്‍ കക്ഷിചേരാന്‍ എംപാനല്‍ ജീവനക്കാരെയും ഹൈക്കോടതി അനുവദിച്ചിരുന്നു.