തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ ക്രമക്കേട് : ദേവേന്ദ്ര ഫട്‌നാവിസിന് തിരിച്ചടി

Jaihind News Bureau
Tuesday, October 1, 2019

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ ക്രമക്കേട് സംബന്ധിച്ച കേസിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

നേരത്തെ കേസിൽ ഫട്‌നാവിസിന് അനുകൂലമായി മുംബൈ ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവായത്. 2014ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രണ്ട് ക്രിമിനൽ കേസുകൾ മറച്ചുവെച്ചെന്ന പരാതിയിലാണ് നടപടി. ഫട്‌നാവിസ് ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്ന് ആരോപിച്ച് അഭിഭാഷകനായ സതീഷ് ഉക്കേ സമർപ്പിച്ച ഹർജിയിന്മേലാണ് വിധി.

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുന്നതും വിശദാംശങ്ങൾ മറച്ചുവെയ്ക്കുന്നതും ആറ് മാസം തടവോ പിഴയോ ഇത് രണ്ടുമോ ലഭിക്കാവുന്ന കുറ്റമാണ്.