ടോമിൻ ജെ. തച്ചങ്കരിക്ക് വീണ്ടും തിരിച്ചടി; വിജിലൻസ് അന്വേഷണത്തിൽ സ്റ്റേ ഇല്ല

അനധികൃത സ്വത്ത് സമ്പാദന കേസിൽ ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് വീണ്ടും തിരിച്ചടി. തച്ചങ്കരിക്കെതിരായ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിജിലൻസ് അന്വേഷണത്തിൽ സ്റ്റേ ആവശ്യപ്പെട്ട് തച്ചങ്കരി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവായത്. ഇതേ ആവശ്യമുന്നയിച്ച് തച്ചങ്കരി മെയ് 29ന് നൽകിയ ഹർജി കോട്ടയം വിജിലന്‍സ് കോടതി തള്ളിയിരുന്നു. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്നും വിജിലൻസ് കോടതി നിരീക്ഷിച്ചിരുന്നു.

2003-2007 കാലഘട്ടത്തില്‍ 65,74,000 ത്തോളം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. അഴിമതിയിലൂടെയാണ് ഈ പണം സമ്പാദിച്ചതെന്നാണ് ആരോപണം. പരാതിയെ തുടര്‍ന്ന് വിജിലൻസ് തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സ്റ്റുഡിയോയിലും പരിശോധന നടത്തിയിരുന്നു.
കേസില്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം, സ്വത്തു കണക്കാക്കിയതില്‍ പിഴവുകളുണ്ടെന്നാണ് തച്ചങ്കരിയുടെ വാദം.

Comments (0)
Add Comment