പെരിയ ഇരട്ടക്കൊലക്കേസില്‍ സർക്കാരിന് തിരിച്ചടി; കേസ് സിബിഐ അന്വേഷിക്കും

Jaihind News Bureau
Tuesday, December 1, 2020

 

ന്യൂഡല്‍ഹി : പെരിയ ഇരട്ടക്കൊലക്കേസില്‍ സർക്കാരിന് തിരിച്ചടി. കേസ് സിബിഐ അന്വേഷിക്കും. സര്‍ക്കാര്‍ അപ്പീല്‍ തള്ളിയ സുപ്രീം കോടതി, കേസ് സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവ് ശരിവച്ചു. സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. കേസ് സിബിഐയ്ക്ക് കൈമാറിയതുകൊണ്ട് പൊലീസിന്‍റെ ആത്മവീര്യം ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിന്‍റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് സിബിഐയ്ക്ക് പൊലീസ് കേസുമായി ബന്ധപ്പെട്ട കേസ് ഡയറി അടക്കമുള്ള രേഖകൾ കൈമാറണമെന്നും കോടതി ഉത്തരവിട്ടു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അസൗകര്യത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് തവണയും കേസ് മാറ്റിവച്ചിരുന്നു.

കോടതി വിധി ദൈവാനുഗ്രഹമെന്ന് ശരത് ലാലിന്‍റെ അച്ഛന്‍ സത്യനാരായണന്‍. സര്‍ക്കാരിന്‍റെ കള്ളക്കളി പൊളിഞ്ഞെന്നും കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കും തിരിച്ചടിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. രേഖകള്‍ നല്‍കാന്‍ പൊലീസ് തയ്യാറായില്ലെന്ന് സിബിഐ സുപ്രീംകോടതിയില്‍ വാദിച്ചു. ഇതുമൂലം അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനായില്ലെന്ന നിലപാടാണ് സിബിഐ എടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം സമ്പൂര്‍ണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ വാദം.

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ബന്ധുക്കൾ നൽകിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടത്. 2019 ഫിബ്രവരി 17-നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.