പി.എസ്.സി പരീക്ഷ തട്ടിപ്പിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

Jaihind News Bureau
Friday, August 30, 2019

Kerala-PSC

പി.എസ്.സി പരീക്ഷ തട്ടിപ്പിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. സ്വതന്ത്ര ഏജൻസിയുടെ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പി.എസ്.സി പരീക്ഷയിലൂടെ അനർഹർ സർക്കാർ ജോലിയിൽ കയറുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നിലവിലെ അവസ്ഥ അത്യന്തം നിരാശജനകമെന്നും ഹൈക്കോടതി പരാമർശിച്ചു.

സമീപകാലത്ത് പിഎസ്‍സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാൻ സംസ്ഥാനസർക്കാരിന് ഹൈക്കോടതി നിർദേശം നല്‍കി. പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസിൽ നാലാം പ്രതിയായ സഫീർ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിർദേശം. സമീപകാലത്തുണ്ടായ സംഭവങ്ങൾ പിഎസ്‍സി എന്ന സ്ഥാപനത്തിന്‍റെ വിശ്വാസ്യത തകർക്കുന്നതാണെന്നും, നിഷ്പക്ഷമായ അന്വേഷണത്തിലൂടെ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസിൽ നിഷ്പക്ഷവും ഫലപ്രദവുമായ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

‍കേസിൽ നാലാം പ്രതി സഫീറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി സഫീറടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും നിരീക്ഷിച്ചു. കേസിലെ എല്ലാ പ്രതികളും അടുത്ത പത്ത് ദിവസത്തിനകം കീഴടങ്ങണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇതിനിടെ, പിഎസ്‍സി പരീക്ഷാഹാളിൽ സ്മാർട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവര‍ജ്ഞിത്തും നസീമും ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും ഇരുവരും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു.