ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി

Jaihind News Bureau
Friday, January 10, 2020

ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശം. ഇന്‍റർനെറ്റ് ഉപയോഗം മൗലിക അവകാശമെന്നും സുപ്രീംകോടതി. ഒരു നിശ്ചിത സമയത്തിലധികം ഇന്‍റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുന്നത് നിയമ ലംഘനം. കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രസിദ്ധപ്പെടുത്തണം എന്നും സുപ്രീം കോടതി.

ജമ്മു കശ്മിരിലെ രാഷ്ട്രീയത്തിൽ ഇടപെടാൻ താല്‍പര്യം ഇല്ലെന്ന് പറഞ്ഞു കൊണ്ടാണ് സുപ്രീം കോടതി കോടതി വിധി പ്രസ്താവം ആരംഭിച്ചത്. ഇന്‍റർനെറ്റ് ഉപയോഗം ഭരണ ഘടന നൽകുന്ന മൗലിക അവകാശമാണെന്ന് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പ്രത്യേകപദവി എടുത്തുകളഞ്ഞതിനെത്തുടർന്ന് ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി. ഒരാഴ്ചക്കുള്ളിൽ പുനഃപരിശോധിച്ച് വ്യക്തത വരുത്തണം. നിയന്ത്രണങ്ങളെ സംബന്ധിച്ച് പൊതു സമുഹത്തെ ബോധ്യപ്പെടുത്തണം.

നിലവിലുള്ള നിയന്ത്രണങ്ങർക്ക് ആധാരമായ ഉത്തരുകൾ സർക്കാർ പ്രസിദ്ധീകരിക്കണം. ഇന്‍റർനെറ്റ് അടക്കമുള സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് വിലക്കുന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

അനിശ്ചിതകാലത്തേക്ക് ഇന്‍റർനെറ്റ് വിലക്കുന്നത് ടെലികോം നിയമങ്ങളുടെ ലംഘനമാണ്. എന്നാൽ മതിയായ കാരണങ്ങളോടെ താത്കാലികമായി ഇന്‍റർനെറ്റ് വിച്ഛേദിക്കാം. ആശുപത്രി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇ-സർവ്വീസ് സ്ഥാപനങ്ങൾ,സർക്കാർ വെബ് സൈറ്റ് എന്നിവിടങ്ങളിൽ ഇന്‍റർനെറ്റ് പുനസ്ഥാപിക്കണം. ജസ്റ്റിസ് എൻ വി രമണക്ക് പുറമെ ആർ. സുഭാഷ് റെഡ്ഡി, ബി.ആർ. ഗവായ് എന്നിവരാണ് വിധി പറഞ്ഞത്. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഉൾപ്പെടെ ഉള്ളവർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിധി.