പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് മധ്യപ്രദേശ് ബിജെപിയില്‍ കൂട്ട രാജി; പാർട്ടി വിട്ടത് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ 165 പേര്‍

Jaihind News Bureau
Friday, January 10, 2020

BJP-Flag

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് മധ്യപ്രദേശ് ബിജെപിയില്‍ കൂട്ട രാജിയെന്ന് റിപ്പോർട്ട്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ 165 ഓളം പേരാണ് പാർട്ടി വിട്ടത്.

സി‌എ‌എയ്ക്കും എൻ‌ആർ‌സിക്കും എതിരെ പ്രതിഷേധിച്ചാണ് ഖാർഗോണിലെ ബിജെപിയുടെ ന്യൂനപക്ഷ സെല്ലിലെ ഭാരവാഹികൾ ഉൾപ്പെടെ 165 ഓളം പ്രവർത്തകർ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചു. ഇതേ വിഷയങ്ങള്‍ ഉന്നയിച്ച് രണ്ട് ദിവസം മുമ്പ്, മധ്യപ്രദേശിലെ ബിജെപി ന്യൂനപക്ഷ സെല്ലിന്‍റെ സംസ്ഥാന സെക്രട്ടറി അക്രം ഖാൻ രാജിവച്ചിരുന്നു.

സംസ്ഥാന ബോഡി അംഗങ്ങളായ സൈദ ഖാൻ, ഇമ്രാൻ ഖാൻ, മുൻ സംസ്ഥാന ബോഡി അംഗങ്ങളായ അസീസ് ഖാൻ, നിസാം ഖാൻ എന്നിവരുൾപ്പെടെ ഖാർഗോൺ ജില്ലയിലെ 165 ഭാരവാഹികൾ രാജി സമർപ്പിച്ചുവെന്ന് ബിജെപി ന്യൂനപക്ഷ സെല്ലിന്‍റെ ജില്ലാ പ്രസിഡന്‍റ് തസ്ലീം ഖാൻ പറഞ്ഞു.