കൊവിഡിൽ ആരോഗ്യ വകുപ്പിന്‍റെ പാളിച്ച വീണ്ടും; ശ്വാസംമുട്ടലിന് ചികിത്സ തേടിയ രോഗിക്ക് കൊവിഡ് ടെസ്റ്റ് നടത്തിയില്ല, മരണശേഷമുള്ള പരിശോധനയിൽ ഫലം പോസിറ്റീവ്

ആരോഗ്യവകുപ്പിന്‍റെ പാളിച്ച വെളിപ്പെടുത്തി തിരുവനന്തപുരത്ത് വീണ്ടും കൊറോണ മരണം. ശ്വാസംമുട്ടൽ വന്നതിനെ തുടർന്ന് ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടിയ ശേഷം വീട്ടിലെത്തി അസുഖം മൂർഛിച്ച് മരിച്ച വഞ്ചിയൂരിലെ ചുമട്ടു തൊഴിലാളിയായ രമേശന്‍റെ മൃതദേഹത്തില്‍ നടത്തിയ സ്രവ പരിശോധനാഫലം പൊസിറ്റീവ് ആയതോടെയാണ് വീണ്ടും ആരോഗ്യവകുപ്പ് പ്രതിക്കൂട്ടില്‍ ആയതി.

ശ്വാസംമുട്ടൽ വന്നതിനെ തുടർന്ന് ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും രമേശന്‍ ചികിത്സ നടത്തിയെങ്കിലും രണ്ടിടത്തും കൊവിഡ് പരിശോധന ഉണ്ടായില്ല. ശ്വാസംമുട്ടലിനു മാത്രമായിരുന്നു ചികിത്സ. മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് വാങ്ങിയ ശേഷം വീട്ടിൽ എത്തിയ രമേശന്‍ രോഗം മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ശ്വാസംമുട്ടലിനു ചികിത്സ തേടി വന്നിട്ടും ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും രോഗിക്ക് കൊറോണ പരിശോധന നടത്താത്തത് ഇരു ആശുപത്രികളിലും അധികൃതരുടെ ഭാഗത്തും നിന്നും വന്ന ഗുരുതരമായ പാളിച്ചയാണ്. മരണ ശേഷം നടത്തിയ ജനറൽ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രമേശന് കൊറോണയാണെന്ന് വ്യക്തമാകുന്നത്. കൊറോണയാണെന്ന് സ്ഥിരീകരിച്ചതോടെ രമേശന്‍റെ മൃതദേഹം ജനറൽ ആശുപത്രിയിൽ നിന്ന് വിട്ടു നൽകിയിട്ടില്ല. ആദ്യമേ കൊറോണ പരിശോധന നടത്തിയിരുന്നുവെങ്കിൽ ആദ്യമേ ഇദ്ദേഹത്തിന് യഥാസമയം ചികിത്സ നല്‍കാമായിരുന്നു. കൊറോണ പരിശോധന നടത്താത്തതിനാൽ രോഗി കൂടുതൽ പേരുമായി സമ്പർക്കത്തിലേർപ്പെടുന്നതിനും ഇടയായി.

ശ്വാസംമുട്ടനുഭവപ്പെട്ട രമേശനെ ആദ്യം ജനറൽ ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെ നിന്ന് പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ആയി വീട്ടിലേയ്ക്ക് പോയ രമേശന്‍ പന്ത്രണ്ടിന് വീണ്ടും അസുഖം കൂടി വീട്ടിൽ വെച്ച് മരിച്ചു. മരണം സ്ഥിരീകരിക്കാൻ വേണ്ടി മൃതദേഹം ജനറൽ ആശുപത്രിയിലേയ്ക്ക് ആംബുലന്‍സില്‍ കൊണ്ടുപോയി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം സ്രവ പരിശോധന നടത്തി. ആദ്യം പരിശോധനയിൽ സംശയം വന്നതിനെ തുടർന്നാണു രണ്ടാമതും സ്രവ പരിശോധന നടത്തി. രണ്ട് പരിശോധനാ ഫലവും പോസിറ്റീവ് ആയതോടെയാണ് കൊറോണ സ്ഥിരീകരിക്കുന്നത്.

ഈ ഘട്ടത്തിൽ രമേശനെ ചികിത്സിച്ച ജനറൽ ആശുപത്രിയിലെയും മെഡിക്കൽ കോളെജിലെയും ഡോക്ടർമാരും രോഗസമയത്ത് രമേശനെ പരിചരിച്ചവരും അടുത്തുണ്ടായിരുന്ന ബന്ധുക്കളും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടെ ക്വാറന്‍റൈനിൽ പോകേണ്ട അവസ്ഥയാണ് ഇതോടെ നിലവിലുള്ളത്.

കൊറോണ രോഗികളുടെ എണ്ണം കൂടിയതോടെ പിഴവുകളും വർദ്ധിച്ച് വരികയാണെന്ന ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് രമേശന്‍റെ മരണം. അസുഖം കാരണം സ്വതേ പുറത്ത് പോകാത്ത പ്രകൃതമുള്ള രമേശന് എങ്ങനെ കൊറോണ വന്നുവെന്നത് ബന്ധുക്കളെയും ആരോഗ്യപ്രവർത്തകരെയും കുഴയ്ക്കുന്നു. കേരളത്തിൽ സമൂഹവ്യാപനത്തിനു സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് ഐസിഎംആർ അധികൃതരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ രമേശന്‍റെ മരണം സമൂഹവ്യാപന സാധ്യത എന്ന സൂചന തന്നെയാണ് നല്‍കുന്നതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

കൊറോണ ബാധിച്ച മരിച്ച രമേശന്‍റെ വീട് സ്ഥിതി ചെയ്യുന്ന വഞ്ചിയൂർ തോടിനു സമീപമുള്ള പല വീടുകളിലും പനി ബാധിച്ചവർ ഉള്ളതായാണ് വിവരം. ഇവർക്കെല്ലാം കൊറോണ ടെസ്റ്റ് എടുക്കേണ്ട അവശ്യത്തിലേക്ക് ആണ് ഈ മരണം എത്തിച്ചിരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊറോണ വാർഡിലെ നഴ്‌സിങ് അസിസ്റ്റന്‍റിനു കൊറോണ ബാധിച്ചപ്പോഴും ആരോഗ്യവകുപ്പിന്‍റെ അനാസ്ഥി ഏറെ വിമർശിക്കപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ശ്വാസംമുട്ടലുമായി വന്നിട്ടും കൊവിഡ് പരിശോധന നടത്താതെ ചികിത്സിച്ച് മടക്കിയ രോഗി മരണശേഷം കൊവിഡ് ബാധിതനെന്ന സ്ഥിരീകരണം ഉണ്ടാകുന്നത്.

coronaCovid
Comments (0)
Add Comment