കെഎഎസ് പരീക്ഷാ മൂല്യനിര്‍ണയത്തിലും റാങ്ക് ലിസ്റ്റിലും ഗുരുതര ക്രമക്കേട്; ഇടതുസഹയാത്രികരുടെ പാനല്‍ രൂപീകരിച്ച് മാന്വല്‍ മൂല്യനിര്‍ണയം നടത്തി; ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, September 8, 2020

 

കൊല്ലം: പി.എസ്.സി നടത്തിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പ്രിലിമിനറി പരീക്ഷാ മൂല്യനിര്‍ണ്ണയത്തിലും റാങ്ക് ലിസ്റ്റിലും ഗുരുതരമായ ക്രമക്കേട് നടന്നതായി യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മറ്റി ആരോപിച്ചു. 9,000 ഉത്തരക്കടലാസുകള്‍ ഒ.എം.ആർ മൂല്യനിര്‍ണയം ഒഴിവാക്കി ഇടതു സഹയാത്രികരുടെ പാനല്‍ രൂപീകരിച്ച് മാന്വല്‍ മൂല്യനിര്‍ണയം നടത്തി. പട്ടം പി.എസ്.സി ഓഫീസിലെ ആറ് ഇടതുപക്ഷ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ റാങ്ക് ലിസ്റ്റില്‍ കയറ്റിയതായും യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്‍റ് ആര്‍.അരുണ്‍ രാജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് പി.എസ്.സി നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പ്രിലിമിനറി പരീക്ഷയുടെ മൂല്യനിർണയത്തിനും റാങ്ക് ലിസ്റ്റിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നതായ ആരോപണമാണ് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി ഉയർത്തുന്നത്. രണ്ട് വിഭാഗങ്ങളിലായാണ് പി.എസ്.സി യോഗ്യത നേടിയവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. കോമൺ കാറ്റഗറിയിൽ 1048 പേരുടെയും ഉദ്യോഗസ്ഥ വിഭാഗത്തിൽ 1038 പേരുടെയും റാങ്ക് ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചത്. ഉദ്യോഗസ്ഥ വിഭാഗത്തിൽ 10 പേരുടെ ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കാൻ ബാക്കി വെച്ചിരിക്കുകയാണ്.

ഇതിൽ പട്ടം പി.എസ്.സി ഓഫീസിലെ പരീക്ഷ ചുമതലയിലുണ്ടായിരുന്ന ആറ് ഇടതുപക്ഷ ജീവനക്കാരും നേരത്തെ പിഎസ്‌സി ചോദ്യപേപ്പർ വിഷയത്തിൽ ആരോപണവിധേയനായ കൊല്ലം ജില്ലക്കാരനായ ഒരു സബ് ഇൻസ്പെക്ടറും  സിപിഎം നേതാവായ യ ഒരു വില്ലേജ് അസിസ്റ്റന്‍റും തിരുവനന്തപുരം കോർപ്പറേഷനിലെ എൻജിഒ യൂണിയൻ പ്രവർത്തകയായ വനിതയും ഉൾപ്പെടെയുള്ളവർ ലിസ്റ്റിൽ കടന്നു കൂടിയിട്ടുള്ളതായി യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾക്കൊപ്പം യൂത്ത് കോൺഗ്രസും ഹൈക്കോടതിയിൽ ഹർജി നൽകും.

teevandi enkile ennodu para