തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഗൗരവത്തിലുള്ള അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. യുവതിയുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നെയ്യാറ്റിന്‍കര മച്ചേല്‍ ശരത് ഭവനില്‍ ശരത്തിന്‍റെ ഭാര്യ കൃഷ്ണയാണ് നെയ്യാറ്റിന്‍കര ആശുപത്രിയിലെ കുത്തിവെയ്പ്പിനെ തുടര്‍ന്ന് ബോധരഹിതയാവുകയും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടയുകയും ചെയ്തത്. ടെസ്റ്റ് ടോസ് എടുക്കാതെയാണ് കുത്തിവെയ്പ്പു നല്‍കിയതെന്ന പരാതി ഗൗരവമുള്ളതാണെന്നും സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആരോഗ്യമേഖലയില്‍ പൊതുവേ കാണപ്പെടുന്ന ഉദാസീനതയുടെ ഫലമാണ് ഈ സംഭവവുമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.