തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്ക് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ (SFIO) സമൻസ്. മാസപ്പടി വിവാദമുയർന്ന വീണയുടെ എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് വിവിധ രേഖകൾ ആവശ്യപ്പെട്ട് സമൻസ് നൽകിയത്. മണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും അനധികൃതമായി പണം വാങ്ങി എന്നതാണ് കേസ്.
എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ എക്സാലോജിക് നൽകിയ റിട്ട് ഹർജിക്കൊപ്പം സമൻസ് രേഖകളും വീണ ഹാജരാക്കിയിട്ടുണ്ട്. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടാണ് എസ്എഫ്ഐഒ വീണയ്ക്ക് സമൻസ് നൽകിയത്. നേരത്തെ സിഎംആര്‍എല്ലിലും ഓഹരി പങ്കാളിയായ കെഎസ്ഐഡിസിയിലും എസ്എഫ്ഐഒ പരിശോധന നടത്തിയിരുന്നു. സിഎംആര്‍എല്‍-എക്‌സാലോജിക് പണം ഇടപാട് അന്വേഷിക്കാന്‍ ജനുവരി 31-നാണ് എസ്എഫ്‌ഐഒ അന്വേഷണ സംഘം രൂപീകരിച്ചത്. എക്‌സാലോജിക്കില്‍ പരിശോധന നടക്കാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയത്.
എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. രാവിലെ 10.30 ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക. എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്നും ഇടക്കാല ഉത്തരവിലൂടെ എസ്എഫ്‌ഐഒയുടെ തുടര്‍നീക്കങ്ങള്‍ സ്റ്റേ ചെയ്യണമെന്നുമാണ് ഹര്‍ജിയിലൂടെ എക്‌സാലോജിക് കമ്പനി ആവശ്യപ്പെടുന്നത്. എസ്എഫ്‌ഐഒ വീണാ വിജയനെ ചോദ്യം ചെയ്യാനിരിക്കെയാണ് എക്‌സാലോജിക്ക് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചത്. എസ്എഫ്‌ഐഒ, കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി. കമ്പനി ആസ്ഥാനം ബംഗളുരുവില്‍ ആയതിനാലാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.