കരടി ചത്ത സംഭവത്തില്‍ ഗുരുതര വീഴ്ച; വിശദ റിപ്പോർട്ട് രണ്ടുദിവസത്തിനുള്ളിൽ സർക്കാരിന് കൈമാറും

 

തിരുവനന്തപുരം: വെള്ളനാട് മയക്കുവെടിയേറ്റ കരടി കിണറ്റിലെ വെള്ളത്തിൽ വീണു ചത്ത സംഭവത്തിൽ രക്ഷാദൗത്യ  നടപടികളിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. വെള്ളത്തിൽ മുങ്ങാൻ സാധ്യതയുള്ള ജീവികളെ വെടിവെക്കരുതെന്ന മാനദണ്ഡം നഗ്നമായി ലംഘിച്ചുവെന്നും വൈൽഡ് ലൈഫ് വാർഡന്‍റെ സാന്നിധ്യം ഇവിടെ ഉണ്ടായില്ലെന്നതും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ പ്രാഥമിക റിപ്പോർട്ടിലുള്ളത്.

തിരുവനന്തപുരം വെള്ളനാട് കഴിഞ്ഞദിവസം മയക്കുവെടിയേറ്റ കരടി ചത്ത സംഭവത്തിൽ രക്ഷാദൗത്യ നടപടികളിൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെന്ന നിഗമനങ്ങളാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. വെള്ളത്തിൽ മുങ്ങാൻ സാധ്യതയുള്ള ജീവികളെ മയക്കുവെടി വെക്കരുതെന്ന മാനദണ്ഡം നഗ്നമായി ഇവിടെ ലംഘിക്കപ്പെടുകയായിരുന്നു. മയക്കുവെടിയേറ്റ കരടി വെള്ളത്തിലേക്ക് വീണിട്ടും ആന്‍റിഡോട്ട് അഥവ മറുമരുന്നു നൽകുന്നതിൽ വീഴ്ചയുണ്ടായതായിട്ടാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ പ്രാഥമിക റിപ്പോർട്ടിലുള്ളത്. മയക്കുവെടി വെക്കുന്നതിനു മുമ്പുള്ള നിരീക്ഷണത്തിലും പാളിച്ചകൾ ഉണ്ടായി. തിരുവനന്തപുരം ഡി എഫ് ഒ പ്രദീപ് കുമാർ നൽകിയ പ്രാഥമിക റിപ്പോർട്ട് ആണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇപ്പോൾ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുള്ളത്. ഇതുസംബന്ധിച്ച അന്വേഷണം നടത്തി വിശദ റിപ്പോർട്ട് രണ്ടുദിവസത്തിനുള്ളിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സർക്കാരിന് കൈമാറും.

ഇതിനിടെ കരടി ചത്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പീപ്പിൾസ് ഫോർ അനിമൽ തിരുവനന്തപുരം ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് മയക്കുവെടി വെച്ച് കരടിയുടെ ജീവൻ നഷ്ടപ്പെടുത്തിയതിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ടാണ് ഇവർ ഹൈക്കോടതിയെ സമീപിക്കുന്നത്.

Comments (0)
Add Comment