ഒമിക്രോണ്‍ മാർഗനിർദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച

Jaihind Webdesk
Sunday, December 5, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ മാർഗ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ ആരോഗ്യ വകുപ്പിന് വൻ വീഴ്ച . നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കൊവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ പൂർണ്ണമായും നിരീക്ഷണത്തിൽ ആക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞില്ല. ഒമിക്രോൺ ജാഗ്രതയിൽ കേന്ദ്രത്തിന്‍റെ മാർഗനിർദേശം നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന് സംഭവിച്ച വീഴ്ചയാണ് ഇതിലൂടെ വ്യക്തമായത്.

സംസ്ഥാനം ഒമിക്രോൺ ഭീഷണി നേരിടുന്നതിനിടയിലാണ് ആരോഗ്യവകുപ്പിന് മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചത്. റിസ്ക് രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ സംസ്ഥാനത്ത് എത്തുന്നവരെ കർശനമായി നിരീക്ഷണത്തിലാക്കണമെന്ന കേന്ദ്രത്തിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിലാണ് സംസ്ഥാനത്തിന് ഗുരുതര വീഴ്ച സംഭവിച്ചത് . ഇക്കഴിഞ്ഞ നവംബർ 29 ന് റഷ്യയിൽ നിന്ന് വിനോദസഞ്ചാരം കഴിഞ്ഞ് കേരളത്തിലേക്ക് തിരികെയെത്തിയ ഒരാൾക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ സംഘത്തിൽ കൂടെയുള്ളവരെ കണ്ടെത്തി പൂർണ്ണമായും നിരീക്ഷണത്തിൽ എത്തിക്കുന്നതിന് ആരോഗ്യവകുപ്പിന് കഴിഞ്ഞില്ല. റഷ്യയിൽ നിന്ന് എത്തിയ മുപ്പതംഗ സംഘത്തിലെ പലരും പരിശോധന പോലുമില്ലാതെ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോയത്. ഇവരിൽ കൂടുതൽ പേരും എറണാകുളം ജില്ലയിൽ ഉള്ളവരാണ്. ഡിസംബർ രണ്ടിന് സാമ്പിളെടുത്ത സംഘത്തിലെ കോട്ടയം സ്വദേശി പിന്നീട് കൊവിഡ് പോസിറ്റീവാകുകയും ചെയ്തു. സംഭവത്തിൽ ആരോഗ്യവകുപ്പിന് വൻ വീഴ്ചയാണ് സംഭവിച്ചത്.

ഒമിക്രോണിൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഉൾപ്പെടെ ആവർത്തിക്കുമ്പോഴും റിസ്ക് രാജ്യങ്ങളിൽനിന്ന് സംസ്ഥാനത്ത് എത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കാനും അടിയന്തര ഇടപെടലുകൾ നടത്തുന്നതിനും ആരോഗ്യവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. സമൂഹത്തിലെ റഷ്യ രാജ്യമാണോ എന്നതിൽ ആശയക്കുഴപ്പം ഉണ്ടായി എന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം. നിലവിൽ കൊവിഡ് വ്യാപനം കുറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ഒമിക്രോൺ കൂടി സ്ഥിരീകരിച്ചാൽ സംസ്ഥാനത്തിന്‍റെ സ്ഥിതി അതീവ ഗുരുതരമാകും. മുൻകരുതലുകൾ സ്വീകരിച്ചെന്ന അവകാശവാദം ഉന്നയിക്കുമ്പോഴും ഒമിക്രോൺ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും റഷ്യയിൽ നിന്ന് സംസ്ഥാനത്തെത്തിയവരെ ശരിയായ രീതിയിൽ നിരീക്ഷണത്തിൽ ആക്കാൻ കഴിയാത്തത് സംസ്ഥാനത്ത് രോഗവ്യാപനം കൂടുന്നതിന് കാരണമാകാനും സാധ്യതയുണ്ട്.