മങ്കി പോക്സില്‍ ആരോഗ്യവകുപ്പിന്‍റെ ഗുരുതര വീഴ്ച; രോഗബാധ സംശയിച്ചയാളെ മുന്‍കരുതലില്ലാതെ മെഡിക്കല്‍ കോളേജിലേക്ക് അയച്ചത് ടാക്സിയില്‍

Jaihind Webdesk
Friday, July 15, 2022

കൊല്ലം: മങ്കി പോക്സ് ബാധിതനെ രോഗബാധ സംശയിച്ചിട്ടും കൊല്ലത്തെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിൽ നിന്നും സ്വന്തം നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞുവിട്ട് ആരോഗ്യ വകുപ്പും സഹകരണ ആശുപത്രിയും വരുത്തിയത് ഗുരുതര വീഴ്ച. രോഗബാധിതനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവറേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ടാക്സി ഡ്രൈവറേയും
കണ്ടെത്താനാകാത്തത് കനത്ത ആശങ്ക സൃഷ്ടിക്കുകയാണ്.

ഈ മാസം 12 ന് അബുദാബിയിൽ നിന്നും കൊല്ലത്ത് എത്തിയ രോഗബാധിതൻ കൊല്ലത്തെ എൻ.എസ് സ്മാരക സഹകരണ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയെത്തിയത്. മാതാവുമായി ഓട്ടോ റിക്ഷയിൽ എത്തിയ യുവാവ് അബുദാബിയിലെ തന്‍റെ സുഹൃത്തിന് മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തനിക്കും രോഗബാധ സംശയിക്കുന്നതായി ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. എന്നാൽ രോഗബാധ സംശയിച്ചിട്ടും യുവാവിനെ സഹകരണ ആശുപത്രിയിൽ നിന്നും യാതൊരു മുൻകരുതലോ ആംബുലൻസ് സംവിധാനമോ പോലും ഒരുക്കാതെ സ്വന്തം നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞു വിടുകയായിരുന്നു. രോഗബാധിതൻ സ്വന്തം നിലയിൽ പോയ ടാക്സി ഡ്രൈവറേയും ഇനിയും കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നത് സഹകരണ ആശുപത്രി വിവരം അറിയിച്ചെന്നും രോഗിയെ കൊല്ലം മെഡിക്കൽ കോളേജിൽ എത്തിച്ചെന്നുമായിരുന്നു. എന്നാൽ രോഗിയെ മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിൽ സഹകരണ ആശുപത്രിക്കും ആരോഗ്യ വകുപ്പിനും വിഴ്ച വന്നതോടെ ഉന്നത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ജില്ലാ മെഡിക്കൽ ഓഫീസർ സഹകരണ ആശുപത്രി വിവരം തങ്ങളെ അറിയിച്ചില്ലെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിച്ചു. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയും ആരോഗ്യവകുപ്പും പരസ്പരം പഴിചാരി തടിയൂരാൻ ശ്രമിക്കുമ്പോൾ ഗുരുതരമായ വീഴ്ചയാണ് പുറത്തുവരുന്നത്.