കൊവിഡ് കണക്ക് റിപ്പോർട്ട് ചെയ്യുന്നതില്‍ ഗുരുതര വീഴ്ച; കേരളത്തിന് കത്തയച്ച് കേന്ദ്രം

Jaihind Webdesk
Friday, July 22, 2022

ന്യൂഡല്‍ഹി: പ്രതിദിന കൊവിഡ് കണക്കുകൾ സമർപ്പിക്കുന്നതിൽ കേരളത്തിന് വീഴ്ച സംഭവിച്ചെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യവകുപ്പിന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചു. മുമ്പും ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളത്തിന് കേന്ദ്രം കത്തയക്കേണ്ടിവന്നിരുന്നു.

രാജ്യത്ത് ജൂലൈയില്‍ റിപ്പോർട്ട് ചെയ്ത 441 മരണങ്ങളില്‍ 117 മരണങ്ങളും കേരളത്തില്‍ നിന്ന് പിന്നീട് കൂട്ടിച്ചേർത്തതാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. മരണങ്ങളില്‍ റിപ്പോർട്ട് ചെയ്യുന്നതില്‍ കാലതാമസം വരുത്തുന്നതോ പിന്നീട് കൊവിഡ് അനുബന്ധ മരണങ്ങളായി കൂട്ടിച്ചേർക്കുന്നതോ ആണ് ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണമെന്നും കേന്ദ്രം കത്തില്‍ കുറ്റപ്പെടുത്തുന്നു.

കേരളം കണക്കുകള്‍ സമർപ്പിക്കുന്നതില്‍ വരുത്തിയ വീഴ്ച  കേന്ദ്രത്തിന്‍റെ കോവിഡ് അവലോകനത്തെ ബാധിച്ചെന്ന വിമർശനവും കേന്ദ്രം ഉന്നയിച്ചു. രോഗവ്യാപനം വിലയിരുത്താനും പുതിയ വകഭേദങ്ങൾ സമയബന്ധിതമായി കണ്ടെത്താനും ദിവസേനയുള്ള കണക്കുകൾ അത്യാവശ്യമാണ്. കൊവിഡ് കണക്കുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് അടിയന്തരമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം കത്തില്‍ ആവശ്യപ്പെടുന്നു.