സെപ്റ്റിക് ടാങ്ക് മാലിന്യം ഒലിച്ചിറങ്ങി; വൃത്തിഹീനമായി കൽപ്പറ്റ ജനറൽ ആശുപത്രി പരിസരം, ദുരിതത്തിലായി രോഗികള്‍

 

വയനാട്: സെപ്റ്റിക് ടാങ്ക് മാലിന്യം ഒലിച്ചിറങ്ങി വൃത്തിഹീനമായി വയനാട് കൽപ്പറ്റ ജനറൽ ആശുപത്രിയിലെ പരിസരം. ദുർഗന്ധവും മാലിന്യവും രൂക്ഷമായ ഈ പരിസരത്ത് വിശ്രമിക്കുന്നത് രോഗികളുടെ കൂട്ടിരിപ്പുകാരാണ്. ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് അണുബാധ വരാനുളള സാഹചര്യവും കൂടുതലാണ്. ഏതുസമയവും തിരക്കുള്ള കൽപ്പറ്റ ജനറൽ ആശുപത്രിപരിസരത്തെ ഈ കാഴ്ച അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു.

പടിഞ്ഞാറത്തറ, വൈത്തിരി, മീനങ്ങാടി, മേപ്പാടി ഭാഗങ്ങളിൽ നിന്നായി ഒപിയിൽ അടക്കം നൂറുകണക്കിന് ജനങ്ങളാണ് ദിവസവും ചികിത്സതേടി ജനറൽ ആശുപത്രിയിലെത്തുന്നത്. ഗുരുതര ശുചിത്വ പ്രശ്നമുള്ളപ്പോഴും ബ്ലീച്ചിങ് പൗഡർ വിതറിയതല്ലാതെ റോഡിലേക്ക് ഒഴുകുന്ന മാലിന്യം തടയാൻ ഒരു നടപടിയും ആശുപത്രി അധികൃതർ എടുത്തിട്ടില്ലെന്നാണ് ആരോപണം. ടാങ്കിലെ മാലിന്യം നീക്കം ചെയ്യാതെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Comments (0)
Add Comment