മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.എസ് മണി അന്തരിച്ചു

Jaihind News Bureau
Tuesday, February 18, 2020

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.എസ് മണി അന്തരിച്ചു. 79 വയസായിരുന്നു. കേരളകൗമുദി മുന്‍ ചീഫ് എഡിറ്ററും കലാകൗമുദിയുടെ ചീഫ് എഡിറ്ററുമായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ തിരുവനന്തപുരം കുമാരപുരത്തെ കലാകൗമുദി ഗാര്‍ഡന്‍സിലെ വസതിയിലായിരുന്നു അന്ത്യം. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നത്. സംസ്‌കാരം ഇന്ന് വൈകിട്ട് കുമാരപുരം കലാകൗമുദി ഗാര്‍ഡന്‍സില്‍ നടക്കും.

പത്രാധിപർ കെ സുകുമാരന്‍റെയും മാധവിയുടെയും മകനായി ജനിച്ച എം.എസ് മണി മലയാള പത്രപ്രവർത്തന രംഗത്ത് അന്വേഷണാത്മക റിപ്പോർട്ടുകൾക്ക് തുടക്കം കുറിച്ച മാധ്യമപ്രവർത്തകനായിരുന്നു. സർക്കാരുകളെ വീഴ്ത്തുകയും വാഴിക്കുകയും ചെയ്ത റിപ്പോർട്ടുകളും പ്രവർത്തന രീതിയും മാധ്യമരംഗത്ത് വരും തലമുറകൾക്ക് പാഠപുസ്തകം കൂടിയാണ്.

1941 നവംബര്‍ നാലിന് കൊല്ലത്താണ് ജനനം.വിദ്യാഭാസകാലത്തുതന്നെ കേരളകൗമുദിയുടെ ലേഖകനായി പ്രവർത്തിച്ച എം.എസ് മണി ബിരുദ പഠനശേഷം ഡൽഹി ലേഖകനായി ചുമതലയേറ്റു. നാലുവർഷം പാർലമെന്‍റ് ലേഖകനായിരുന്നു. 1962-ലെ ചൈനീസ് യുദ്ധകാലത്ത് നീഫായിലും ലഡാക്കിലും പോയി അവിടെ നിന്ന് യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്തു. അക്കാലത്ത് കേന്ദ്രമന്ത്രിമാരായിരുന്ന മൊറാർജി ദേശായി, വി.കെ കൃഷ്ണമേനോൻ, എ.ബി വാജ്‌പേയി, എൽ.കെ അദ്വാനി എന്നിവരുമായും മന്നത്തു പത്മനാഭൻ, ആർ ശങ്കർ, ഇ.എം.എസ്, എ.കെ ഗോപാലൻ, രാജ്നാരായൺ, സുബ്രഹ്മണ്യസ്വാമി, സി.കെ ഗോവിന്ദൻ നായർ എന്നിവരുമായും നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഡൽഹിയിൽ വെച്ച് കാർട്ടൂണിസ്‌റ്റ് ശങ്കർ, ഒ.വി വിജയൻ, തുടങ്ങിയവരുടെ സുഹൃത്തായിരുന്നു.

ജവഹർലാൽ നെഹ്റു നേതൃത്വം വഹിച്ച 1962-ലെ കോൺഗ്രസിന്‍റെ പ്ലീനം, ഇന്ദിരാഗാന്ധി നേതൃത്വം വഹിച്ച ബംഗളൂരു എ.ഐ.സി.സി സമ്മേളനം എന്നിവ റിപ്പോർട്ട് ചെയ്തതും എം. എസ് മണിയാണ്. കേരളത്തിലെ ടൈറ്റാനിയം സമ്പത്ത് സ്വകാര്യമേഖലയിലൂടെ ജപ്പാന് നൽകാൻ വ്യവസായ മന്ത്രിയായിരുന്ന ടി.വി തോമസ് നടത്തിയ ശ്രമങ്ങൾ പുറത്ത് കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. ഇതേതുടർന്ന് ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി സ്വന്തം മന്ത്രിയുടെ നീക്കത്തിനെതിരെ നിലപാടെടുക്കാൻ നിർബന്ധിതമായി. അമേരിക്കയിലെ ഗ്രാന്‍റ് കാനിയനെ വർണിക്കുന്ന ‘സ്വർഗം ഭൂമിയിലേക്ക് ഇറങ്ങിവരുന്നു’ എന്ന യാത്രാവിവരണമാണ് മണിയുടെ ആദ്യ കൃതി.  വനം കൊള്ള തുറന്നുകാട്ടിയ ‘കാട്ടുകള്ളന്മാർ’ മറ്റൊരു പുസ്തകം. ശിവഗിരിക്കുമുകളിൽ തീമേഘങ്ങൾ (1995) എന്നൊരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. എം.എസ് മണിയുടെ അന്ത്യത്തോടെ മലയാള പത്രപ്രവർത്തന രംഗത്തെ ഒരു യുഗമാണ് അവസാനിക്കുന്നത്.