മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റർ ഡി.വിജയമോഹന്‍ അന്തരിച്ചു

Jaihind News Bureau
Tuesday, December 15, 2020

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്ററുമായ ഡി. വിജയമോഹന്‍ അന്തരിച്ചു. 65 വയസായിരുന്നു.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. നാലുപതിറ്റാണ്ടിലേറെയായി മലയാള മനോരമയുടെ ഭാഗമായിരുന്നു ഡി.വിജയമോഹന്‍. മൂന്നു പതിറ്റാണ്ടായി ഡല്‍ഹിയില്‍ പ്രവർത്തിച്ചിരുന്ന ഡി വിജയമോഹന്‍ മലയാള മനോരമയില്‍ പത്രപ്രവര്‍ത്തന മികവിനുളള ചീഫ് എഡിറ്റേഴ്‌സ് ഗോൾഡ് മെഡൽ (1995ല്‍) നേടുന്ന ആദ്യ വ്യക്‌തിയായിരുന്നു. കോമൺവെൽത്ത് പ്രസ് യൂണിയന്‍റെ ഹാരി ബ്രിട്ടൻ ഫെലോഷിപ് നേടി ഇംഗ്ലണ്ടിലും പ്രവർത്തിച്ചിട്ടുണ്ട്. കേരള പ്രസ് അക്കാദമിയുടെ വി കരുണാകരൻ നമ്പ്യാർ അവാർഡ് (1986), തിരുവനന്തപുരം പ്രസ് ക്ലബിന്റെ ശിവറാം അവാർഡ്(1987),കേരള സർക്കാറിന്റെ അവാർഡ് (2004) എന്നിവ നേടി. എ രാമചന്ദ്രന്റെ വരമൊഴികൾക്ക് കേരള ലളിത കല അക്കാദമിയുടെ അവാർഡും (2005) സ്വാമി രംഗനാഥാനന്ദയുടെ ജീവചരിത്രത്തിന് പി കെ പരമേശ്വരൻ നായർ അവാർഡും (2007) ലഭിച്ചു.

തിരുവനന്തപുരം നെടുമങ്ങാട് കരിങ്ങയിൽ കാരയ്ക്കാട്ടുകോണത്തു വീട്ടിൽ പി.കെ. ദാമോദരൻ നായരുടെയും എസ് മഹേശ്വരി അമ്മയുടെയും മകനായി 1955 ഫെബ്രുവരി 28നായിരുന്നു ജനനം. ബാംഗ്ലൂർ കൈരളിനികേതൻ സ്കൂൾ, നെടുമങ്ങാട് ഗവ ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ പഠനം. 1978 ല്‍ മലയാള മനോരമയിൽ ചേർന്ന അദ്ദേഹം കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ബ്യൂറോകളില്‍ പ്രവർത്തിച്ചു. പിന്നീട് 1985 മുതൽ ഡൽഹി ബ്യൂറോയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രവർത്തനം.

ചെന്താർക്കഴൽ(കവിതാസമാഹാരം), ഈ ലോകം അതിലൊരു മുകുന്ദൻ, സ്വാമി രംഗനാഥാനന്ദ(ജീവചരിത്രം), എ രാമചന്ദ്രന്‍റെ വരമൊഴികൾ, ഹ്യൂമർ ഇൻ പാർലമെന്‍റ് എന്നീ കൃതികള്‍ രചിച്ചു.

എസ്.ജയശ്രീ ഭാര്യയാണ്. അഡ്വ.വി.എം.വിഷ്ണു ആണ് മകൻ. മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ അനുശോചിച്ചു