‘കേന്ദ്രസര്‍ക്കാരില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ആം ആദ്മി സര്‍ക്കാരും’; കനയ്യ വിഷയത്തില്‍ ഡല്‍ഹി സർക്കാര്‍ നടപടിക്കെതിരെ ചിദംബരം

ന്യൂഡല്‍ഹി : കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നടപടിയെ വിമർശിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം. രാജ്യദ്രോഹക്കുറ്റത്തെക്കുറിച്ച് കേന്ദ്രം മനസിലാക്കിയതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഡല്‍ഹി സർക്കാരും മനസിലാക്കിയിരിക്കുന്നതെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. ഡല്‍ഹി സർക്കാര്‍ നടപടിയോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘രാജ്യ ദ്രോഹകുറ്റത്തെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കിയിരിക്കുന്നതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഡല്‍ഹി സര്‍ക്കാരും. ഐ.പി.സി 124 എ, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരം കനയ്യ കുമാറിനും മറ്റുള്ളവര്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടതില്‍ ഞാന്‍ ശക്തമായി വിയോജിക്കുന്നു’ – ചിദംബരം ട്വീറ്റ് ചെയ്തു.

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അധ്യക്ഷന്‍ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ തടസമില്ലെന്ന് കെജ്‌രിവാള്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. വ്യാപക വിമര്‍ശനമുയര്‍ന്നതിന് ശേഷവും വിചാരണ ചെയ്യാന്‍ കൊടുത്ത അനുമതി പിന്‍വലിക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. 2016 ഫെബ്രുവരിയിൽ ജെ.എൻ.യു ക്യാമ്പസിൽ സംഘടിപ്പിച്ച പരിപാടിക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചാണ് അന്ന വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റ് ആയിരുന്ന കനയ്യ കുമാർ, വിദ്യാർത്ഥി സംഘടനാ പ്രവർത്തകരായ ഉമർ ഖാലിദ്, അനിർഭൻ ഭട്ടാചാര്യ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചത്.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കശ്മീരി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ജെ.എൻ.യു ക്യാംപസിൽ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്. സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച കനയ്യയും സുഹൃത്തുക്കളും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്. ഇതേത്തുടർന്ന് കനയ്യ കുമാർ, ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മൂവരും പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാല്‍ ഇവർക്കെതിരായ ആരോപണത്തിന് അടിസ്ഥാനമാക്കിയിരുന്ന സീ ടി.വി സംപ്രേഷണം ചെയ്ത വീഡിയോ ടേപ്പ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് വ്യാജ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സീ ന്യൂസ്, ന്യൂസ് എക്‌സ്, ടൈംസ് ന്യൂസ് എന്നീ വാര്‍ത്താ ചാനലുകള്‍ക്കെതിരേ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. കനയ്യകുമാറിനെയും മറ്റുള്ളവരെയും വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ഡല്‍ഹി സർക്കാർ നടപടിയെ വിമർശിച്ച് നിരവധി പേരാണ് എത്തുന്നത്.

Comments (0)
Add Comment