മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും നന്ദേഡ് എംപിയുമായ വസന്ത് റാവു ചവാൻ അന്തരിച്ചു

 

ഹൈദരാബാദ്: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വസന്ത് റാവു ചവാന്‍ (70) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മഹാരാഷ്ട്രയിലെ നന്ദേഡ് മണ്ഡലത്തിലെ എംപിയാണ്. വസന്ത് റാവു ചവാന്‍റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ബിജെപി രാജ്യസഭാ എംപിഅശോക് ചവാന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

അശോക് ചവാന്‍റെ ശക്തികേന്ദ്രമാണ് നന്ദേഡ്. അശോക് ചവാന്‍ ബിജെപിയിലേക്ക് പോയശേഷമാണ് നന്ദേഡില്‍ മത്സരിക്കാനായി കോണ്‍ഗ്രസ് വസന്ത് ചവാനെ കൊണ്ടുവന്നത്. സിറ്റിങ് എംപിയായ ബിജെപി സ്ഥാനാര്‍ഥി പ്രതാപ് പാട്ടീലിനെ 50,000-ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വസന്ത് ചവാന്‍ അശോക് ചവാന്‍റെ കോട്ടയായ നന്ദേഡ് മണ്ഡലം പിടിച്ചെടുത്തത്.

മഹാരാഷ്ട്രയില്‍ എംഎല്‍എയും എംഎല്‍സിയുമായിരുന്ന വസന്ത് ചവാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വകവെയ്ക്കാതെയാണ് നന്ദേഡില്‍ പോരാട്ടത്തിനിറങ്ങിയത്. അശോക് ചവാന്‍ ബിജെപിയിലേക്ക് പോയതിന് ശേഷം നന്ദേഡില്‍ കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നല്‍കിയത് വസന്ത് ചവാനാണ്. വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദേഡിലെ സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള ഓട്ടത്തിലായിരുന്നു രണ്ടാഴ്ച മുമ്പ് വരെ വസന്ത് ചവാന്‍.

Comments (0)
Add Comment