അമേരിക്കയില്‍ ഭരണ പ്രതിസന്ധി തുടരുന്നു; ബജറ്റ് പാസാക്കാനാകാതെ ഇരുസഭകളും പിരിഞ്ഞു

Jaihind Webdesk
Friday, December 28, 2018

American-Senate-adjourned

അമേരിക്കയിലെ ഭരണ പ്രതിസന്ധി ആറാം ദിവസത്തിലും തുടരുന്നു. സെനറ്റും കോൺഗ്രസും ചേർന്നെങ്കിലും ബജറ്റ് പാസാക്കാനാകാതെ ഇരുസഭകളും മിനിറ്റുകൾക്കകം പിരിഞ്ഞു. ഇതോടെ പ്രതിസന്ധി പുതുവർഷത്തിലും തുടരുമെന്ന് ഉറപ്പായി.

മെക്‌സിക്കൻ മതിൽ പണിയാൻ അഞ്ച് ബില്യൻ ഡോളർ അനുവദിക്കണമെന്ന നിലപാടിൽ ഡോണൾഡ് ട്രംപും എതിർപ്പുമായി ഡെമോക്രാറ്റുകളും ഉറച്ച് നിൽക്കുന്നതാണ് ഭരണപ്രതിസന്ധിക്ക് കാരണം. സർക്കാർ ഫണ്ടുകളൊന്നും പാസാകാത്തതിനാൽ 9 സർക്കാർ വകുപ്പുകളുടെ പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയാണ്. ജീവനക്കാരിൽ ഭൂരിഭാഗത്തിനും ശമ്പളവുമില്ല. യുഎസ് സെനറ്റിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്കാണ് ഭൂരിപക്ഷം. ഇരുസഭകളിലും ഭൂരിപക്ഷ അംഗീകാരം ഉണ്ടെങ്കിലേ ബജറ്റ് പാസാക്കാനാകൂ. നിലവിലെ സാഹചര്യത്തിൽ ഇത് സാധ്യമല്ല.

മെക്‌സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കാൻ പണം അനുവദിക്കാത്ത പക്ഷം അമേരിക്കയിൽ നിലനിൽക്കുന്ന ഭരണപ്രതിസന്ധി തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് മതിൽ. അതുകൊണ്ടു തന്നെ മതിൽ നിർമ്മാണം ട്രംപിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നം കൂടിയാണ്. ഏതായാലും ഒരു വർഷത്തിനിടയിൽ ഇത് മൂന്നാം തവണയാണ് അമേരിക്കയിൽ ഭരണ പ്രതിസന്ധി ഉടലെടുക്കുന്നത്.