‘ബയോ വെപ്പൺ’ പരാമർശത്തില്‍ രാജ്യദ്രോഹകുറ്റം ചുമത്തിയതിനെ ചോദ്യം ചെയ്ത് ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചു. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തിനാണ് ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. ദ്വീപ് ബിജെപി അധ്യക്ഷന്‍റെ പരാതിയിലാണ് ലക്ഷദ്വീപ് പൊലീസ് കേസെടുത്തത്.
തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനിൽക്കില്ലെന്നും ചർച്ചക്കിടെയുണ്ടായ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും ഹർജിയിൽ പറയുന്നു. ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവം ആയിരുന്നില്ല. വിവാദമായതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ അതിന് വ്യക്തത വരുത്തിയിട്ടുണ്ട്. കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ഫയല്‍ ചെയ്ത മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ഹർജി കോടതി നാളെ പരിഗണിക്കും.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ സന്ദർശന ദിനമായ ഇന്ന് ലക്ഷദ്വീപിൽ കരിദിനം ആചരിക്കുകയാണ്. ഭരണകൂടത്തിന്‍റെ ഫാസിസ്റ്റ് സമീപനത്തെ ദ്വീപ് ജനത ഇനി സഹിക്കില്ലെന്നും ഏകാധിപത്യത്തിനെതിരെ ശക്തമായി പ്രതിരോധം ഉയര്‍ത്തുമെന്നും ഐഷ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. വീടുകളിൽ കറുത്ത കൊടി ഉയർത്തിയും ബാനറുകള്‍ ഉയര്‍ത്തിയും കറുത്ത മാസ്ക് അണിഞ്ഞുമാണ് ജനങ്ങളുടെ പ്രതിഷേധം. അതേസമയം പ്രതിഷേധത്തിനെതിരെ പൊലീസ് രംഗത്തെത്തി. കരിങ്കൊടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.