ലോക്സഭാ തെരഞ്ഞെടുപ്പ് : സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി

Jaihind Webdesk
Monday, April 22, 2019

തെരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങൾ ഊർജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് മുഴുവൻ പോലീസ് സേനയെ വിന്യസിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഇലക്ഷൻ സെല്ലിന്‍റെ  നേതൃത്വത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസം പൂർത്തിയാക്കിയത്.

സംസ്ഥാനത്താകെ 24,970 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുളളത്. ഇതിൽ 831 പ്രശ്ന ബാധിത ബൂത്തുകളും 359 തീവ്ര പ്രശ്ന സാധ്യതാ ബൂത്തുകളും 219 മാവോയിസ്റ്റ് ഭീഷണിയുളള ബൂത്തുകളുമുണ്ട്.

സംസ്ഥാനത്ത് ആകെ 58,138 പോലീസ് ഉദ്യോഗസ്ഥർക്കാണ് തെരഞ്ഞെടുപ്പ് സുരക്ഷാചുമതല നൽകിയിട്ടുള്ളത്. ഇവരിൽ 3,500 പേർ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. 240 ഡിവൈ.എസ്.പിമാർ, 677 ഇൻസ്‌പെക്ടർമാർ, 3,273 എസ്.ഐ /എ.എസ്.ഐമാർ എന്നിവരും അടങ്ങിയതാണ് കേരളാ പോലീസിന്‍റെ സംഘം. കൂടാതെ സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ്, ബി.എസ്.എഫ് എന്നിവയിൽനിന്ന് 55 കമ്പനി ജവാന്മാരും തമിഴ്‌നാട്ടിൽനിന്ന് 2,000 പോലീസ് ഉദ്യോഗസ്ഥരും കർണ്ണാടകത്തിൽനിന്ന്   1,000 പോലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പു ജോലികൾക്കായി  കേരളത്തിലെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് 11,781 പേരെ സ്‌പെഷ്യൽ പോലീസ് ഓഫീസർമാരായി നിയോഗിച്ചു. വിരമിച്ച സൈനികർ, വിരമിച്ച  പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയും എൻ.സി.സി, നാഷണൽ സർവ്വീസ് സ്‌കീം, സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് എന്നിവയിൽ പ്രവർത്തിച്ച് പരിചയം ഉള്ളവരെയുമാണ് സ്‌പെഷ്യൽ പോലീസ് ഓഫീസർമാരായി നിയോഗിച്ചത്. ഇവർക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങളും നേരിടുന്നതിന് സംസ്ഥാനത്ത് 1,527 ഗ്രൂപ്പ് പട്രോളിങ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

പ്രശ്‌നസാധ്യതയുള്ള 272 സ്ഥലങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ള 162 സ്ഥലങ്ങളിലും 245 ബൂത്തുകളിലും കേന്ദ്ര സായുധ പോലീസ് സംഘത്തെ വിന്യസിച്ചു.  പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന 149 കേന്ദ്രങ്ങളിലും 52 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പഴുതടച്ച സുരക്ഷാസംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.[yop_poll id=2]