വോട്ടെണ്ണല്‍ : കാസർഗോഡ് ലോക് സഭ മണ്ഡലത്തിൽ സുരക്ഷ കർശനമാക്കി

കാസർഗോഡ് ലോക് സഭ മണ്ഡലത്തിൽ വോട്ടെണ്ണലിന്‍റെ ഭാഗമായി കർശന സുരക്ഷയൊരുക്കി പൊലീസ്. ഫലപ്രഖ്യാപനത്തെ തുടർന്ന് അക്രമസംഭവങ്ങൾ അരങ്ങേറിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടണ്ണെലിനോടനുബന്ധിച്ച് കർശന സുരക്ഷ ഒരുക്കിയതായി ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് അറിയിച്ചു. പ്രകടനങ്ങൾക്കു പോലിസിന്‍റെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങണം. ഗുഡ്സ് കാരേജ് വാഹനങ്ങൾ, ഓപ്പൺ ലോറികൾ തുടങ്ങിയവയിൽ ആളുകളെ കൊണ്ടുപോകുന്നതും പ്രകടനങ്ങൾ നടത്തുന്നതും അനുവദനീയമല്ല. അത്തരം വാഹനങ്ങളുടെ പെർമിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കും. പ്രകടനത്തിനിടെയോ മറ്റോ ആക്രമണങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും. മോട്ടോർ സൈക്കിൾ റാലി അനുവദിക്കില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ജയിക്കുന്ന പാർട്ടിക്ക് മാത്രം 23ന് പ്രകടനം നടത്താം. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 144 പ്രഖ്യാപിക്കും. ഫലം പുറത്തുവരുന്ന 23ന് വിജയിക്കുന്ന സ്ഥാനാർഥിയുടെ പാർട്ടിയെ മാത്രമാകും കല്ല്യോട്ട് പ്രകടനം നടത്തുവാൻ അനുവദിക്കുകയെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ദേശീയതലത്തിൽ വിജയിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് 24 ന് പ്രകടനം നടത്താം. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഈ മാസം 23, 24 തീയതികളിൽ 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. വോട്ടിംഗ് മെഷീൻ സൂക്ഷിച്ച കാഞ്ഞങ്ങാട് നെഹ്‌റു കോളജിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

KottayamCounting
Comments (0)
Add Comment