ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം കെ ദിവാകരൻ , സി.പി.എം പഴശി ലോക്കൽ കമ്മിറ്റി അംഗം അജേഷ് എന്നിവരാണ് വിമാനത്താവളത്തിലെ ഫയർ എഞ്ചിൻ വാഹനത്തിൽ കയറി ഫോട്ടോ എടുത്തത്. വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയിൽ പാർക്ക് ചെയ്തിരുന്ന ഫയർ എഞ്ചിൻ വാഹനത്തിൽ ഇരുന്നാണ് ഇരുവരും ഫോട്ടോ ഷൂട്ട് നടത്തിയത്. വിമാനത്താവളത്തിലെ ഫയർ എഞ്ചിനിൽ ഇരിക്കുന്ന ഫോട്ടോ ഇരുവരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സുരക്ഷാവീഴ്ച പുറം ലോകം അറിഞ്ഞത്.
വിമാനത്താവളത്തിലെ സുരക്ഷക്കായി സി.ഐ.എസ്.എഫിനെയും കിയാൽ ഉദ്യോഗസ്ഥരെയും പൊലീസിനെയും നിയോഗിച്ചിട്ടുണ്ടെങ്കിലും ആരും ഇവരെ തടയുവാൻ തയാറായില്ല. സി.പി.എം അനുഭാവിയായ അഗ്നിശമനസേനാ വിഭാഗത്തിലെ ഉദ്യോഗസ്ഥനും ഇവർക്കൊപ്പം ഉണ്ടായിരുന്നു.നിയമാവലിയെ കുറിച്ച് കൃത്യമായ ബോധ്യമുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥന് തന്നെയാണ് ഇതിനുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതെന്ന ആരോപണമാണ് ഉയരുന്നത്. സംഭവത്തില്‍ നടപടി വേണമെന്ന ആവശ്യം പ്രതിപക്ഷപാര്‍ട്ടികള്‍ ഉന്നയിച്ചു കഴിഞ്ഞു.
കഴിഞ്ഞ ഒരുമാസത്തിനിടെ എയർഇന്ത്യയുടെയും ഇൻഡിഗോയുടെയും വിമാനങ്ങൾ കാലിബ്രേഷന്‍ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോള്‍ മാധ്യമപ്രവർത്തകരെപ്പോലും വളരെ വിശദമായി പരിശോധന നടത്തിയാണ് ഈ ഭാഗത്തേക്ക് പ്രവേശനം നൽകിയത്. കഴിഞ്ഞദിവസം ഡോര്‍ണിയർ വിമാനം വന്നപ്പോൾ ആർക്കും പ്രവേശനം നൽകിയിരുന്നില്ല.
ഇത്തരത്തില്‍ ഈ അതിസുരക്ഷാ മേഖലയിൽ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കൾ കയറുകയും നാല് കോടി രൂപ വിലമതിക്കുന്ന ഫയർ എഞ്ചിൻ വാഹനത്തിൽ കയറി ഫോട്ടോയെടുക്കുകയും ചെയ്തതോടെ വൻ സുരക്ഷാവീഴ്ചയാണ് വിമാനത്താവളത്തിൽ ഉണ്ടായിരിക്കുന്നത്.
സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട കിയാൽ ഉദ്യോഗസ്ഥരും, പൊലീസ് ഉദ്യോഗസ്ഥരും വിമാനത്താവളം സന്ദർശിക്കാനെത്തുന്ന സി.പി.എം പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും യാതൊരുവിധ പരിശോധനയും ഇല്ലാതെയാണ് കടത്തിവിടുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്.
-ധനിത് ലാല്‍ എസ് നമ്പ്യാര്‍-