
ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസിലെ മുഖ്യസൂത്രധാരനും ചാവേറുമായ ഭീകരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്ന ഉമര്‍ ഉന്‍ നബിയുടെ ജമ്മു കശ്മീരിലെ വീട് സുരക്ഷാ സേന തകര്‍ത്തു. ദക്ഷിണ കശ്മീരിലെ പുല്‍വാമയിലുള്ള ഉമര്‍ നബിയുടെ വീടാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (IED) ഉപയോഗിച്ച് തകര്‍ത്തതെന്ന് സേന അറിയിച്ചു. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ നടപടിയെന്നും സുരക്ഷാ സേന വ്യക്തമാക്കി.
ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളേജിലെ ഡോക്ടറായിരുന്നു ഉമര്‍ നബി. തിരക്കേറിയ ഡല്‍ഹിയിലെ ചെങ്കോട്ട റോഡില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹ്യൂണ്ടായ് ഐ20 കാറില്‍ എത്തിയാണ് ഇയാള്‍ സ്‌ഫോടനം നടത്തിയത്. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 20-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെ ചാവേറായി പൊട്ടിത്തെറിച്ചത് ഉമര്‍ നബി തന്നെയാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. സ്‌ഫോടനം ആസൂത്രണം ചെയ്തതിന് ഉമര്‍ നബിയുടെ സഹപ്രവര്‍ത്തകരായ ഡോക്ടര്‍ ഷഹീന്‍ സയീദ്, ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌ഫോടകവസ്തു നിര്‍മ്മാണത്തിനായി ശേഖരിച്ച 2900 കിലോയോളം അസംസ്‌കൃത സാമഗ്രികളും പൊലീസ് പിടിച്ചെടുത്തിരുന്നു.