ബൈക്കിലെ പിൻ സീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും കാറിലെ പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റും ഇനി മുതൽ നിർബന്ധം

Jaihind Webdesk
Wednesday, July 10, 2019

ഇരു ചക്ര വാഹനങ്ങളിലെ പിൻ സീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും, കാറുകളിലെ പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റും ഇനി മുതൽ സംസ്ഥാനത്ത് നിർബന്ധമാക്കും. സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നത് സംബന്ധിച്ച് പരിശോധന കർശനമാക്കാൻ ഡിജിപിക്കും ഗതാഗത കമ്മിഷണർക്കും ഗതാഗത സെക്രട്ടറി കത്ത് നൽകി. ഹെൽമറ്റും സീറ്റ് ബെൽറ്റും നിർബന്ധമാക്കണം എന്ന് ചൂണ്ടിക്കാട്ടി ഗതാഗത സെക്രട്ടറി ഗതാഗത കമ്മിഷണർക്ക് കത്ത് നൽകിയത് സുപ്രീംകോടതി നിർദേശ പ്രകാരമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. നിയമം പാലിക്കാത്തവർക്ക് അപകടം ഉണ്ടായാൽ ഇൻഷുറൻസ് കമ്പനി ക്ലെയിം നൽകേണ്ട എന്നും സുപ്രീംകോടതി നിർദേശിച്ചു. കേരളത്തിൽ ഹെൽമറ്റും സീറ്റ് ബെൽറ്റും നിർബന്ധമാക്കാൻ ബോധവൽക്കരണം നടത്തുമെന്നും ബോധ വൽക്കാരണത്തിന്റെ ഭാഗമായി വാഹന പരിശോധന ശക്തമാക്കുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

ബൈക്കിലെ രണ്ട് യാത്രക്കാർക്കും ഹെൽമറ്റും, കാറിലെ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റും നിർബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് കർശനമായി നടപ്പാക്കണമെന്ന് ഗതാഗത സെക്രട്ടറി നിർദേശിച്ചു. ഹെൽമറ്റും സീറ്റ് ബെൽറ്റും എല്ലാ യാത്രക്കാരും ധരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്. എന്നാൽ സംസ്ഥാനത്ത് ഈ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ഗതാഗത കമ്മീഷണർക്ക് അയച്ച കത്തിൽ ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാൽ ഐഎഎസ് ചൂണ്ടിക്കാട്ടുന്നു.

ഹെൽമറ്റും സീറ്റ് ബെൽറ്റും വാഹനത്തിൻറെ ഡ്രൈവർ മാത്രം ധരിച്ചാൽ മതിയെന്ന വിവരമാണ് കേരളത്തിലെ മാധ്യമങ്ങൾ പോലും ജനങ്ങൾക്ക് നൽകുന്നത്. ഇത് തെറ്റാണ്. ഗതാഗതചട്ട പ്രകാരം വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റോ സീറ്റ് ബെൽറ്റോ നിർബന്ധമായും ധരിച്ചിരിക്കണം എന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഇത് പാലിക്കാതെയുണ്ടാവുന്ന അപകടങ്ങളിൽ നഷ്ടപരിഹാരവും ചികിത്സാ ചെലവും നിഷേധിക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് അധികാരമുണ്ടെന്നും കത്തിൽ ഗതാഗത സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ഋഷിരാജ് സിംഗ് ഗതാഗത കമ്മീഷണറായിരുന്ന സമയത്ത് കാർ യാത്രക്കാർക്കെല്ലാം സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിരുന്നു. എന്നാൽ പിന്നീട് എതിർപ്പിനെ തുടർന്ന് നിയമം കർശനമായി നടപ്പാക്കിയില്ല.