പിസി ജോർജിനെതിരെ ‘153 എ, 295 എ’ എന്നീ വകുപ്പുകള്‍ ചുമത്തി : സ്വാഭാവിക നടപടിയെന്ന് പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ ഐപിസി 153 എ , ഐപിസി 295 എ എന്നീ വകുപ്പുകള്‍ ചുമത്തി കേസ് രെജിസ്റ്റർ ചെയ്തു. രണ്ട് വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ സ്പർദ്ധ വളർത്തുന്നതിന് പ്രവർത്തിച്ചതിനും  വ്യത്യസ്ത മതങ്ങള്‍ക്കിടയില്‍ വിദ്വേഷം വളർത്താന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

പിസി ജോർജിന്‍റെ അറസ്റ്റ് സ്വാഭാവിക നടപടി ആണെന്നും വർഗീയതയ്ക്കെതിരെ യുഡിഎഫും എല്‍ഡിഎഫും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരുവനന്തപുരം നന്ദാവനം എ.ആര്‍ ക്യാമ്പില്‍ വെച്ചാണ് പിസി യുടെ  അറസ്റ്റ് പോലീസ്  രേഖപ്പെടുത്തിയത്. കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്‍റെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിന് ശേഷം വഞ്ചിയൂരിലുള്ള മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കും. പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ എ.ആര്‍ ക്യാമ്പിന് പുറത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പി.സി ജോര്‍ജിനെ കൊണ്ടുപോയ വാഹനത്തിന് മുന്നില്‍ പ്രതിഷേധിച്ചു. കേന്ദ്ര സഹ മന്ത്രി വി മുരളീധരന്‍ പി.സി ജോര്‍ജിനെ കാണാനെത്തിയെങ്കിലും കാണാനുള്ള അനുമതി പൊലീസ് നിഷേധിച്ചു.

ഇന്ന് പുലർച്ചെ വീട്ടിലെത്തിയാണ് പൊലീസ് പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് വിദ്വേഷ പ്രസംഗക്കേസിൽ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി.ജി.പി അനിൽകാന്തിന്‍റെ നിർദേശപ്രകാരമായിരുന്നു നടപടി. പി.സി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ ഉൾപ്പെടെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.

 

Comments (0)
Add Comment