കൊയിലാണ്ടി സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം; ലോക്കല്‍ കമ്മിറ്റി അംഗത്തെ പുറത്താക്കി

Jaihind Webdesk
Thursday, December 30, 2021

 

കോഴിക്കോട് : കൊയിലാണ്ടി സിപിഎമ്മിൽ വിഭാഗീയത രൂക്ഷം. മുൻ വിഎസ് പക്ഷ പ്രമുഖ നേതാവും ആനക്കുളം ലോക്കൽ കമ്മിറ്റി അംഗവുമായ ടികെ രാജേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഔദ്യോഗിക പക്ഷത്തിൻ്റെ കണ്ണിലെ കരടായിരുന്ന രാജേഷിനെതിരെ പിഷാരികാവ് ദേവസ്വം സ്കൂളിലെ അധ്യാപക നിയമനവുമായി ബന്ധപ്പട്ട വിവാദം മറയാക്കിയാണ് പെട്ടന്ന് നടപടി എടുത്തത്.

ഡിവൈഎഫ്ഐ മുൻ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയും കൊയിലാണ്ടി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന  രാജേഷിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കൊയിലാണ്ടിയിൽ വിഭാഗീയത രൂക്ഷമായിരുന്ന കാലത്ത് വിഎസ് പക്ഷത്തിൻ്റെ വിശ്വസ്തനായിരുന്നു ഇദ്ദേഹം. നേരത്തെ പാർട്ടിയിൽ നിന്നും തരം താഴ്ത്തിയ സിപിഎം കൊയിലാണ്ടി ഏരിയ സെക്രട്ടറിയും ജില്ലയിലെ വിഎസിൻ്റെ ഏറ്റവും വിശ്വസ്തനുമായിരുന്ന എൻവി ബാലകൃഷ്ണൻ്റെ അടുത്ത അനുയായി കൂടിയായ രാജേഷ് എന്നും പാർട്ടിക്കകത്ത് ഔദ്യോഗിക പക്ഷത്തിനെതിരെ പട നയിച്ച വ്യക്തിയായിരുന്നു. ഔദ്യോഗിക പക്ഷത്തിൻ്റെ കണ്ണിലെ കരടായിരുന്ന രാജേഷിനെതിരെ പിഷാരികാവ് ദേവസ്വം സ്കൂളിലെ അധ്യാപക നിയമനവുമായി ബന്ധപ്പട്ട വിവാദം മുന്‍നിർത്തി തിടുക്കത്തില്‍ നടപടി എടുക്കുകയായിരുന്നു

കൊയിലാണ്ടി ഏരിയ കമ്മിറ്റിയും കൊല്ലം-ആനക്കുളം ലോക്കൽ കമ്മിറ്റികളിലെ ഭൂരിഭാഗം അംഗങ്ങളുമാണ് രാജേഷിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ രാജേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയ നടപടിക്കെതിരെ അണികൾക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്.