സെക്രട്ടറിയേറ്റിൽ സർക്കാർ അനുവദിച്ച വാഹനങ്ങൾക്ക് പുറമേ ഓടുന്നത് 100 കാറുകള്‍

Jaihind Webdesk
Saturday, April 23, 2022

സെക്രട്ടറിയേറ്റിൽ അനൗദ്യോഗികമായി ഓടുന്നത് 100 കാറുകൾ. മന്ത്രിമാരുടെയും അവരുടെ പേർസണൽ സ്റ്റാഫുകളുടെയും ആവശ്യങ്ങൾക്കാണ് നൂറോളം കാറുകൾ ഓടുന്നത്. സർക്കാർ അനുവദിച്ച വാഹനങ്ങൾക്ക് പുറമേയാണ് വകുപ്പുകളിൽ നിന്നുള്ള വാഹനങ്ങൾ കൂടി മന്ത്രിമാരും സ്റ്റാഫംഗങ്ങളും ഉപയോഗിക്കുന്നത്.

നൂറോളം കാറുകളിൽ സർക്കാർ ഔദ്യോഗികമായി അനുവദിച്ചതും മന്ത്രിമാർ അവരവരുടെ വകുപ്പുകളിൽ നിന്ന് സംഘടിപ്പിച്ച വാഹനങ്ങളും ഉൾപ്പെടുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന വാഹനങ്ങൾ സ്റ്റാഫുകളുടെ ഉൾപ്പെടെ അനൗദ്യോഗികമായ യാത്രകൾക്കും ഉപയോഗിക്കുന്നുണ്ട്. മുൻ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയുടെ പഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ടിരുന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥൻ എം ജി സുരേഷ് കുമാറിന് വകുപ്പ് പിഴ ചുമത്തിയതിന് പിന്നാലെയാണ് സർക്കാർ വാഹനങ്ങളുടെ അനൗദ്യോഗിക ഉപയോഗം പുറത്താകുന്നത്.

ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന് 672000 യാണ് സുരേഷ്കുമാറിന് പിഴ ചുമത്തിയിരിക്കുന്നത്. മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെ സ്ഥാപനങ്ങളുടേയും പൊതുമേഖലാ കമ്പനികളുടെയും വാഹനങ്ങളാണ് പേർസണൽ സ്റ്റാഫുകളുടെ ഉപയോഗിത്തിന് വിട്ടുകൊടുക്കുന്നത്. സർക്കാർ നൽകിയ വാഹനത്തിന് പുറമെയാണിത്. മന്ത്രിമാർക്ക് പുറമേ വകുപ്പ് സെക്രട്ടറിമാരും ഔദ്യോഗിക വാഹനങ്ങൾക്ക് പുറമേ വകുപ്പിലെ മറ്റ് വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്.