ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് എം.പാനല്‍ ജീവനക്കാരെ പിരിച്ചു വിടാന്‍ തുടങ്ങിയതോടെ കെ.എസ്.ആര്‍.ടി.സി ആയിരത്തോളം സർവ്വീസുകൾ റദ്ദാക്കി. അതേസമയം പിരിച്ചു വിടപ്പെട്ട എം.പാനല്‍ കണ്ടക്ടര്‍മാര്‍ 20-ആം തീയതി മുതല്‍ സെക്രട്ടേറിയറ്റിലേക്ക് ലോങ് മാര്‍ച്ചിന് ഒരുങ്ങുകയാണ്.
ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ലോങ് മാര്‍ച്ചില്‍ ജീവനക്കാരും അവരുടെ കുടുംബങ്ങളും പങ്കെടുക്കും. 20-ആം തീയതി തുടങ്ങി 25-ആം തീയതി സെക്രട്ടേറിയറ്റില്‍ അവസാനിക്കുന്ന തരത്തിലായിരിക്കും മാര്‍ച്ചെന്ന് സംഘാടകര്‍ അറിയിച്ചു. മാത്രമല്ല ജനുവരി ആദ്യവാരം അവധിക്ക് ശേഷം സുപ്രീംകോടതിയെ സമീപിക്കാനും അവർക്ക് നീക്കമുണ്ട്.
ചൊവ്വാഴ്ച രാവിലെയായിരുന്നു ഹൈക്കോടതി സര്‍ക്കാരിനും കെ.എസ്.ആര്‍.ടി.സിക്കും താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ച് വിട്ടുകൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ തന്നെ നടപടി വേഗത്തിലാക്കി. സമയം നീട്ടിക്കിട്ടാന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് ഹൈക്കോടതി അനുവദിച്ചില്ലെന്ന് മാത്രമല്ല രണ്ട് ദിവസത്തിനുള്ളില്‍ പി.എസ്.സി ലിസ്റ്റില്‍ നിന്ന് കണ്ടക്ടര്‍മാരെ നിയമിക്കാന്‍ അന്ത്യശാസനവും കോടതി നല്‍കി.
രണ്ട് സ്പെല്ലുകളായിട്ടാണ് കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടര്‍മാരുടെ ജോലി ക്രമീകരണം. ഉച്ചയോടെ കഴിയുന്ന ആദ്യ സ്പെല്ലില്‍ നിന്നുള്ള കണ്ടക്ടര്‍മാര്‍ തിരിച്ചെത്തുന്നതോടെ മുടങ്ങുന്ന സര്‍വീസുകളുടെ എണ്ണം ഇനിയും കൂടുമെന്നാണ് സൂചന. സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ സ്ഥിരം കണ്ടക്ടര്‍മാര്‍ക്ക് ഓവര്‍ടൈം ജോലി നല്‍കിയും അവധികള്‍ റദ്ദാക്കിയും ക്രമീകരണം നടത്തുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും മതിയാവില്ലെന്നാണ് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നത്.
പുതിയ കണ്ടക്ടര്‍മാരെ നിയമിച്ചാല്‍ തന്നെ ഇവര്‍ക്ക് ഏറ്റവും ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും പരിശീലനം നല്‍കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന്‍റെ ആവശ്യമില്ലെന്നും ടിക്കറ്റ് മുറിച്ച് നല്‍കി പണം വാങ്ങാന്‍ വലിയ പരിശീലനത്തിന്‍റെ ആവശ്യമൊന്നും ഇല്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.
പുതിയ കണ്ടക്ടര്‍മാരെ പി.എസ്.സിയില്‍ നിന്നും നിയമിക്കുക, താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പരിച്ച് വിടുക എന്നീ കര്‍ശന നിര്‍ദേശമാണ് ഹൈക്കോടതി കെ.എസ്.ആര്‍.ടി.സിക്കും സര്‍ക്കാരിനും നല്‍കിയത്. ഇതിന്‍റെ ഭാഗമായി നിലവിലുള്ള ജീവനക്കാരുടെ അവധി വെട്ടിക്കുറച്ച് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാന്‍ ഇതൊന്നും മതിയാകില്ല. ഇതിന് പുറമെ പിരിച്ച് വിടുന്നത്ര താല്‍ക്കാലിക ജീവനക്കാരെ പി.എസ്.സി വഴി നിയമിച്ച് സ്ഥിരപ്പെടുത്തുമ്പോള്‍ അത് വലിയ സാമ്പത്തിക ബാധ്യതയ്ക്കും വഴിയൊരുക്കും. ഇത് കെഎസ്ആര്‍ടിസിയുടെ നിലവിലെ അവസ്ഥ പരിതാപകരമാക്കുകയും ചെയ്യുംമെന്നും വിലയിരുത്തപ്പെടുന്നു.