മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയുമായി സർക്കാർ മുന്നോട്ട് ; എജിയുടെ നിയമോപദേശം തേടി തുടർനടപടിയെടുക്കാന്‍ ഉത്തരവ്

Jaihind News Bureau
Thursday, October 1, 2020

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി സർക്കാർ മുന്നോട്ട്. കേസ് ഫയൽ ചെയ്യാൻ  എജിയുടെ നിയമോപദേശം തേടാൻ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഉചിതമായ കോടതിയിൽ കേസ് ഫയൽ ചെയ്യാനും നിർദേശം. സർക്കാരിനെതിരെ  അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചു എന്ന ആരോപണത്തിലാണ് നടപടി. ഉത്തരവിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

ഓഗസ്റ്റ് 25ന് സെക്രട്ടേറിയറ്റിലെ പൊതുഭരണ പൊളിറ്റിക്കൽ വകുപ്പിൽ ഉണ്ടായ അഗ്നിബാധ സംബന്ധിച്ച് മാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രസിദ്ധീകരിച്ചവർക്കെതിരെ നടപടി എടുക്കുന്നതിന് നിയമോപദേശം തേടാൻ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു . ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് ക്രിമിനൽ നടപടി ചട്ടം 199( 2) പ്രകാരം കേസ് ഫയൽ ചെയ്യാൻ എജിയുടെ നിയമോപദേശം തേടി  തുടർനടപടികൾ സ്വീകരിക്കാനാണ് സെപ്റ്റംബർ 30 ന് ഉത്തരവിറങ്ങിയത്.

അതേസമയം തീപിടിത്തമുണ്ടായ ദിവസം  മാധ്യമങ്ങളെ  സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ തടഞ്ഞ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തന്നെയാണ് ഈ ഉത്തരവും പുറത്തിറക്കിയിരിക്കുന്നത്. തിപിടിത്തമുണ്ടായ സമയത്ത് സെക്രട്ടേറിയറ്റിലെ ആറ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തില്ലാതിരുന്നനെക്കുറിച്ച്  സർക്കാർ ഇപ്പോഴും മൗനം പാലിക്കുകയാണ്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിർണായക ഫയലുകളുള്ള  പ്രോട്ടോകോൾ വകുപ്പിൽ തന്നെയാണ് തീപിടിത്തമുണ്ടായത് എന്നത് നിരവധി ആരോപണങ്ങൾക്ക് വഴിവെച്ചിരുന്നു. അതിനാൽ തന്നെ സിബിഐ അന്വേഷണമാണ് അനിവാര്യമെന്ന് പ്രതിപക്ഷം ഉൾപ്പെടെ ആവശ്യമുന്നയിച്ചിരുന്നു.

തീപിടിത്തത്തിന് പിന്നിൽ അട്ടിമറി ഇല്ല എന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയതിനു പിന്നാലെയാണ് മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. പ്രധാന ഫയലുകൾ ഒന്നും നശിച്ചിട്ടില്ലെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട് . പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാരിന്‍റേതിന് സമാനമായി തങ്ങൾക്കെതിരെ വാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരെ ഭീഷണിയും നടപടികളുമായി മുന്നോട്ടു പോവുന്ന  ഫാസിസ്റ്റ് തന്ത്രമാണ് സ്വീകരിക്കുന്നതെന്ന് ആരോപണം നേരത്തെ തന്നെ ശക്തമാണ്.