കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സെക്രട്ടേറിയറ്റിലെ ഇടത് സംഘടന നേതാവിനെതിരെ കേസ് ഇല്ല, സംരക്ഷിച്ച് സര്‍ക്കാര്‍

Jaihind News Bureau
Wednesday, May 20, 2020

സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അധിക്ഷേപിച്ച് മുഖ്യമന്ത്രിയുടെ വിശ്വസ്തനും സെക്രട്ടേറിയറ്റ് സിപിഎം സംഘടന ഭാരവാഹിയുമായ പ്രേമാനന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആരാധനാലയങ്ങള്‍ തുറക്കാത്തതിനാല്‍ വിശ്വാസികള്‍ മാനസികസമ്മര്‍ദ്ദത്തിലാണെന്നും അതിനാല്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പ്രേമാനന്ദിന്‍റെ പരിഹാസ പോസ്റ്റ്.

‘ബിസിനസ് നഷ്ടത്തിലായാല്‍ ആര്‍ക്കും മാനസിക പിരിമുറുക്കം വരും…!!! കഷ്ടം…’എന്നായിരുന്നു പ്രേമാനന്ദ് കുറിച്ചത്.  അതേസമയം ഉത്തരവാദിത്തപ്പെട്ട പദവിയിലുള്ള  സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ അധിക്ഷേപ പോസ്റ്റ് പ്രചരിപ്പിച്ചിട്ടും നടപടികള്‍ സ്വീകരിക്കാതെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

പ്രതിപക്ഷ നേതാക്കള്‍ക്കെതിരേയും പ്രേമാനന്ദ് സ്ഥിരമായി സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റുകള്‍ പ്രചരിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍ ഇയാള്‍ക്കെതിരെ വകുപ്പ് നടപടികള്‍ പോലും സ്വീകരിക്കാതിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരേയും സിപിഎം നേതാക്കള്‍ക്കെതിരേയും പോസ്റ്റിടുന്നവര്‍ക്കെതിരെ അറസ്റ്റും സസ്‌പെന്‍ഷന്‍  നടപടിയും സ്വീകരിക്കുന്ന സര്‍ക്കാരാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപമാനിച്ച വ്യക്തിയെ സംരക്ഷിക്കുന്നത്.