എൻഐഎ ആവശ്യപ്പെട്ട ദൃശ്യങ്ങൾ നൽകുന്നതിനുള്ള നടപടികൾ സെക്രട്ടേറിയറ്റിൽ ആരംഭിച്ചു; ദൃശ്യങ്ങൾ പകർത്തി നല്‍കും

Jaihind News Bureau
Monday, July 27, 2020

Government-Secretariat

 

തിരുവനന്തപുരം: എൻഐഎ ആവശ്യപ്പെട്ട ദൃശ്യങ്ങൾ നൽകുന്നതിനുള്ള നടപടികൾ സെക്രട്ടറിയേറ്റിൽ ആരംഭിച്ചു. ദൃശ്യങ്ങൾ ഹാർഡ് ഡിസ്ക്കിൽ നിന്ന് എക്സ്റ്റേണൽ ഹാർഡ് ഡിസ്കിലേക്ക് പകർത്തി നൽകാനാണ് തീരുമാനം. ജൂലൈ 1 മുതൽ 12 വരെയുള്ള ദൃശ്യങ്ങൾ ആവും നൽകുക.

ഒരു ടെറാബൈറ്റ് വരെ എക്സ്റ്റേണൽ ഹാർഡ് ഡിസ്കിൽ പകർത്താൻ കഴിയുമെന്നതാണ് പ്രത്യേകത. എന്നാൽ സർക്കാർ പകർത്തി നൽകിയ ദൃശ്യങ്ങൾ എൻഐഎ സ്വീകരിക്കുമോ അതോ ഹാർഡ് ഡിസ്ക് തന്നെ എൻഐഎ കൊണ്ടു പോകുമോ എന്ന് ചീഫ് സെക്രട്ടറിക്ക് എൻഐഎ കൈമാറിയ കത്തിൽ സൂചിപ്പിച്ചിട്ടില്ല. ദൃശ്യങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടത് അല്ലാതെ ദൃശ്യങ്ങൾ എന്ന് വേണമെന്നും  കത്തിലും എൻ ഐ എ  സൂചിപ്പിച്ചിരുന്നില്ല. സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ സ്വർണ്ണക്കടത്ത് കേസിൽ നിർണായകമാകുമെന്നാണ് എൻ.ഐ. എ  സംഘത്തിന്‍റെ വിലയിരുത്തൽ. ആ സാഹചര്യത്തിലാണ് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ചീഫ് സെക്രട്ടറിക്ക് എൻഐഎ കത്ത് നൽകിയത്.

ശിവശങ്കറിന്‍റെ ഓഫീസ് പ്രവർത്തിച്ചിരുന്ന സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിലെ രണ്ടുമാസത്തെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ സംഘം ആവശ്യപ്പെട്ടത്. അന്വേഷണ സംഘം ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ നൽകാൻ കഴിയില്ലെന്നും സിസിടിവി ഇടിമിന്നലേറ്റ് നശിച്ചുവെന്നുമായിരുന്നു സർക്കാരിന്‍റെ ആദ്യ ന്യായീകരണം. എന്നാൽ സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണസംഘം ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈമാറി മുഖം രക്ഷിക്കാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി സ്ഥിതിചെയ്യുന്ന നോർത്ത് ബ്ലോക്കിന്‍റെ ദൃശ്യങ്ങളാണ് എൻഐഎ സംഘം ആവശ്യപ്പെട്ടത് എന്നതും വളരെ പ്രസക്തമാണ്.

സ്വർണക്കടത്ത് നടന്ന ദിവസങ്ങളിലോ കടത്ത് പിടിക്കപ്പെട്ട ദിവസങ്ങളിലോ സ്വപ്ന ഒളിവിൽപോയ ദിവസങ്ങളിലോ സന്ദീപ് നായരോ സരിത്തോ സ്വപ്നയോ സെക്രട്ടേറിയറ്റിലെത്തി  എം.ശിവശങ്കറിനെ കണ്ടിരുന്നോ എന്നത് കേസിൽ നിർണായകമാകുമെന്നാണ്  അന്വേഷണ സംഘത്തിന്‍റെ  വിലയിരുത്തൽ.സ്വർണ്ണവേരുകൾ തേടിയുള്ള  എൻ.ഐ.എ അന്വേഷണ സംഘത്തിന്‍റെ യാത്ര ഭരണസിരാ കേന്ദ്രത്തിലേക്ക് നീളുമ്പോൾ കൂടുതൽ ഉന്നതർ കുടുങ്ങും എന്ന് ഉറപ്പാണ്.