സെക്രട്ടേറിയറ്റ് കെട്ടിടത്തിനു തീപിടിക്കുന്നത് ആദ്യമായല്ല. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻപും തീപിടിത്തമുണ്ടായിട്ടുണ്ടെങ്കിലും രാഷ്ട്രീയ പ്രാധാന്യമുള്ള ഫയലുകള്‍ തേടി കേന്ദ്ര അന്വേഷണ ഏജൻസികൾ എത്തുമ്പോൾ തീപിടിത്തം ഉണ്ടാകുന്നത് രണ്ടാം തവണ.
2006ൽ ലാവ്ലിന് ഫയലുകൾ തേടി സിബിഐ എത്തിയപ്പോഴായിരുന്നു ആദ്യ വിവാദ തീപിടിത്തം. പ്രോട്ടോക്കോൾ വിഭാഗത്തിൽനിന്ന് എൻഐഎയും ഇഡിയും യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ഫയലുകൾ ആരാഞ്ഞിരിക്കുന്ന ഈ സമയത്ത് വീണ്ടും സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടാകുമ്പോള്‍ അത് തികച്ചും യാദൃശ്ചികമെന്ന് കരുതാന്‍ യാതൊരു വഴിയുമില്ല.
2006ൽ ഉണ്ടായത് ഒരു ചെറിയ തീപിടിത്തമായിരുന്നു. അന്നും ഷോർട്ട് സർക്യൂട്ടായിരുന്നു കാരണം. കന്റോൺമെന്റ് ഗേറ്റുവഴി സെക്രട്ടേറിയറ്റിലേക്കു കയറുമ്പോൾ പഴയ നിയമസഭാ മന്ദിരം കഴിഞ്ഞ് നോർത്ത് ബ്ലോക്ക് ആരംഭിക്കുന്നയിടത്ത് ഒന്നാം നിലയിലായിരുന്നു തീപിടിത്തം ഇതിനു താഴത്തെ നിലയിലാണ് സെക്രട്ടേറിയറ്റിലെ ഫയലുകൾ സൂക്ഷിക്കുന്ന റെക്കോർഡ് റൂം.
ലാവ്ലിന് കേസ് ആദ്യം അന്വേഷിച്ച വിജിലൻസ് സംഘത്തിന് ഊർജവകുപ്പിലെ ചില പ്രധാന ഫയലുകൾ കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐ സംഘം സെക്രട്ടേറിയറ്റിലെത്തി പരിശോധന നടത്തിയെങ്കിലും ഫയൽ കണാനില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഫയൽ സെക്രട്ടേറിയറ്റിൽ വീണ്ടും ‘പ്രത്യക്ഷപ്പെട്ടെന്ന’ വിവരം ലഭിച്ചതിനെത്തുടർന്നു സിബിഐ സംഘം രാവിലെ സെക്രട്ടേറിയറ്റിലെ റെക്കോർഡ് റൂമിലെത്തി ചുമതലയുള്ള അണ്ടർ സെക്രട്ടറിയോട് വിവരങ്ങൾ ആരാഞ്ഞു. 4 മണിക്കുള്ളിൽ ഫയൽ നൽകണമെന്ന് ആവശ്യപ്പെട്ട് സിബിഐ സംഘം മടങ്ങിയതിനു പിന്നാലെയാണ് തീപിടിത്തം ഉണ്ടായത്. നാശനഷ്ടങ്ങളുണ്ടായില്ല. പിന്നീട് ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുവാദത്തോടെ സിബിഐക്കു കൈമാറി.
രണ്ടു കൊല്ലം മുൻപ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഓഫിസിലും തീപിടിത്തമുണ്ടായി. ഇപ്പോൾ തീപിടിത്തമുണ്ടായതിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്.
അതിനിടെ, എല്ലാ ഫയലുകളും ഇ-ഫയലുകളായി സൂക്ഷിച്ചിട്ടുണ്ടെന്ന സിപിഎം വാദം പൊളിഞ്ഞു. നയതന്ത്ര ബാഗേജിലെ ഫയലുകള്‍ ഇഫയലുകളല്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഈ ഫയലുകള്‍ കത്തിപോയതായി സംശയമുണ്ട്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു.
സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് ഇന്നലെ വൈകീട്ട് തീപിടുത്തമുണ്ടായത്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസിന്റെ പ്രത്യേക സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 8 മണിയോടെയാണ് സ്പെഷൽ സെൽ എസ്പി അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കായി എത്തിയത്. എഡിജിപി മനോജ് എബ്രഹാമാണ് പ്രത്യേക പൊലീസ് സംഘത്തിന്റെ തലവൻ. സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിന്റെ സാങ്കേതിക കാരണങ്ങൾ അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിഷണർ ഡോ. കൗശികന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന വിദഗ്ധ സംഘത്തെയും ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്ത്ത ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേരള ഭരണത്തിന്റെ ചരിത്രമുറങ്ങുന്ന, 151 വർഷം പഴക്കമുള്ള സെക്രട്ടേറിയറ്റ് മന്ദിരം 1869 ജൂലൈ എട്ടിനാണ് ആയില്യം തിരുനാൾ മന്ദിരം ഉദ്ഘാടനം ചെയ്തത്.